24.6 C
Kottayam
Sunday, May 19, 2024

തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ചേക്കും; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനുശേഷം കോവിഡ് വ്യാപനം വർധിച്ചേക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് നിലവിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണെങ്കിലും രോഗത്തിന്റെ രണ്ടാംവരവ് ഏതുസമയത്തും ഉണ്ടാകാം. സ്ഥാനാർഥികളും പ്രവർത്തകരുമടക്കം എല്ലാവരും കർശന നിയന്ത്രണങ്ങൾ പാലിച്ചാലേ ഇതിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കുകയുള്ളു എന്നും കേരള സാമൂഹിക സുരക്ഷാമിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പറഞ്ഞു.

സംസ്ഥാനത്തെ ഒക്ടോബർ 17 മുതലുള്ള ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്പോഴാണ് രോഗികളുടെ നിരക്കിൽ കുറവുകാണുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഗ്രാഫ് താഴേക്കുപോകുന്നതിനുമുൻപേ രണ്ടാംവരവിന്റെ സാധ്യതയാണ് കാണുന്നത്. കോവിഡ് കാല മുൻകരുതലുകളെപ്പറ്റി വിവിധതലങ്ങളിൽ ബോധവത്കരണം നടത്തിയിട്ടും തിരഞ്ഞെടുപ്പുരംഗത്ത് ഇതൊന്നും പാലിക്കുന്നില്ലെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രവർത്തകർ മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വീടുകൾക്കുള്ളിലേക്ക് പ്രവേശിക്കാതിരിക്കുക, കൈ കൊടുക്കുകയും പ്രായമായവരെയും മറ്റും സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യാതിരിക്കുക, കുട്ടികളെ എടുക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധവേണം. വരുംദിവസങ്ങളിൽ സർക്കാർതലത്തിലെ നിയന്ത്രണങ്ങളിൽ അയവുവരാനും ഇടയുണ്ട്. ഉദ്യോഗസ്ഥരും പോലീസും തിരഞ്ഞെടുപ്പ് തിരക്കുകളിലായിരിക്കും. ഇതും രോഗവ്യാപനം കൂട്ടിയേക്കുമെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week