ന്യൂഡൽഹി: തുടർച്ചയായി മൂന്നാംദിവസവും രണ്ടുലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ആശ്വാസത്തിൽ രാജ്യം. 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1,65,553 കേസുകളാണ്. 3,460 പേർ കോവിഡ് ബാധിച്ച് മരിച്ചു.
ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,78,94,800 ആയി ഉയർന്നു. ഇതുവരെ 3,25,972 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. പത്തുശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം, സ്വകാര്യ ആശുപത്രികൾ നക്ഷത്ര ഹോട്ടലുമായി ചേർന്ന് വാക്‌സിനേഷൻ ഒരുക്കുന്നത് കേന്ദ്രസർക്കാർ തടഞ്ഞു. ഹോട്ടലുകളിൽ വച്ച് വാക്സിനേഷൻ നടത്താൻ സൗകര്യം ഓർക്കുന്നത് ചട്ട വിരുദ്ധമാണ് എന്ന് സർക്കാർ വ്യക്തമാക്കി. ആശുപത്രികൾക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകളിലും, പഞ്ചായത്ത് കേന്ദ്രങ്ങളിലും,ജീവനക്കാർക്ക് വേണ്ടി സ്വാകാര്യ ഓഫീസുകളിലും മാത്രമേ വാക്സിനേഷൻ നടത്താൻ അനുവാദമുള്ളു. സർക്കാരിന്റെ കൊവിഡ് വാക്സിനേഷൻ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി എടുക്കും എന്നും കേന്ദ്രസർക്കാർ അറിയിച്ചു.
പ്രതിദിനരോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളിലാണ് 4 ലക്ഷത്തിൽ നിന്നും രണ്ടു ലക്ഷത്തിന് താഴെയെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.36 ശതമാനമായി കുറഞ്ഞിരുന്നു. രണ്ട് കോടിയിൽ അധികം പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡിൽ നിന്ന് മുക്തി നേടിയത്.