KeralaNews

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 4 കോടി പിന്നിട്ടു,പ്രതിദിന കേസുകൾ കുറയുന്നു

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് (Covid) കേസുകളുടെ എണ്ണം 4 കോടി പിന്നിട്ടു. മൂന്നാം തരംഗത്തിൽ ഇതുവരെ 50 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതേസമയം, പ്രതിദിന കേസുകൾ കുറയുന്നത് ആശ്വാസമാണ്. തുടർച്ചയായി രണ്ടാം ദിവസവും മൂന്ന് ലക്ഷത്തിന് താഴെ രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്. രണ്ട് ലക്ഷത്തി എൺപത്തിയയ്യായിരത്തി തൊണ്ണൂറ്റി നാല് പേർക്കാണ് ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 16.16 ശതമാനമാണ്. കൊവിഡ് മരണ സംഖ്യയിൽ നേരിയ വർധനയുണ്ടായി. 665 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ചു മരിച്ചത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് പ്രതിദിന കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു തുടങ്ങി. ഹരിയാനയിൽ ഫെബ്രുവരി ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കും. എന്നാൽ ദില്ലിയിലെ കണക്കിൽ നേരിയ വർധനയുണ്ടായി. ആറായിരത്തിൽ  അധികം പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് മരണ നിരക്കിലെ വർധന തുടരുകയാണ്. അറന്നൂറിൽ അധികം പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കോവിഡ് വ്യാപനം തടയാൻ രാജ്യം കാണിച്ച നിശ്ചയദർഢ്യത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിനന്ദിച്ചു. വൈറസ് വിട്ടു പോയിട്ടില്ലന്നും പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിദിന കേസുകൾ അരലക്ഷം കടന്നതോടെ സംസ്ഥാനത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുകയാണ്. ഇന്നലെ  55,475 പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ജില്ലകളിലെ പ്രതിദിന പോസിറ്റിവ് കേസുകൾ. കേസുകൾ ഇനിയും ഉയരുമെന്ന സൂചനയാണ് ആരോഗ്യ പ്രവർത്തകർ നൽകുന്നത്. വിവിധ ജില്ലകളിലായി നാലേമുക്കാൽ ലക്ഷം പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. പുതിയ കേസുകളുടെ എണ്ണം ഒരാഴ്ചക്കിടെ  143 ശതമാനം കൂടിയിട്ടുണ്ട്. 100 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്സീൻ നൽകിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button