KeralaNews

കൊറോണകാലത്ത് അരിയെത്തിക്കാനും സാനിറ്റൈസര്‍ നല്‍കാനും കാക്കി,ഏറ്റുമാനൂര്‍ പോലീസ് നാടിന് താങ്ങാവുന്നത് ഇങ്ങനെയാക്കെ

കോട്ടയം: കൊറോണ ബാധക്കാലത്ത് ഏറെ കയ്യടി നേടുന്ന സര്‍ക്കാര്‍ വിഭാഗമാണ് പോലീസ് സേന. പ്രോട്ടോകോളുകള്‍ക്കും.കടുത്ത നിലപാടുകള്‍ക്കുമപ്പുറം ഏതു സമയത്തും ജനങ്ങള്‍ക്കും ബന്ധപ്പെടാനാവുന്ന ഉദ്യോഗസ്ഥരുമാണ് പോലീസുകാര്‍.ഇതു തെളിയ്ക്കുന്ന സംഭവമാണ് ഏറ്റുമാനൂര്‍ സ്‌റ്റേഷന്‍ പരിധിയിലുള്ള നീണ്ടൂരില്‍ നടന്നത്.

കഴിഞ്ഞ ദിവസമാണ് നീണ്ടൂരിലെ സമ്പന്ന കുടുംബം വിദേശ യാത്ര കഴിഞ്ഞ് നാട്ടിലെത്തിയത്.ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ അനുസരിച്ച് നിരീക്ഷണത്തിനായി കുടുംബാംഗങ്ങള്‍ എല്ലാവരും വീട്ടില്‍ തന്നെ കഴിയണം.കൊറോണ സാധ്യതയുള്ള രാജ്യത്തു നിന്നു പോയതിനാല്‍ പുറത്തേക്ക് ഇറങ്ങുന്നതിനും അനുമതിയില്ല.ബന്ധുക്കളും അയല്‍ക്കാരുമൊന്നും വീട്ടിലേക്ക് തിരിഞ്ഞുനോക്കുന്നുമില്ല. ഫോണില്‍ കേണപേക്ഷിച്ചിട്ടും സാധന സാമഗ്രികള്‍ വാങ്ങിനല്‍കാന്‍ ബന്ധുക്കളിലാരും തയ്യാറായുമില്ല.

ലക്ഷങ്ങളുടെ ആസ്ഥിയുണ്ടെങ്കിലും ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാതെ വന്നതോടെയാണ് കുടുംബം പോലീസിന്റെ സഹായം തേടിയത്.സ്‌റ്റേഷനിലേക്ക് സഹായാഭ്യര്‍ത്ഥനയെത്തിയപ്പോള്‍ തന്നെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.ജെ.തോമസ് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരെ നീണ്ടൂരിലേക്കയച്ചു. മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ കുടുംബത്തിനെ സഹായിയ്ക്കണമെന്ന് പോലീസ് ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തടുര്‍ന്ന് സാധനങ്ങള്‍ വാങ്ങിനല്‍കുന്നതിനും ഉദ്യോഗസ്ഥര്‍ തയ്യാറായതോടെ പിന്നീട് തെറ്റു മനസിലായി ബന്ധുക്കള്‍ സാധനങ്ങളുമായി വീട്ടിലെത്തി.

ജനങ്ങള്‍ക്ക് നേരിട്ട് സഹായമെത്തിയ്ക്കുന്നതിനൊപ്പം കൊറോണ പ്രതിരോധ പരിപാടികളിലും ഏറ്റുമാനൂര്‍ പോലീസ് മുന്നിലുണ്ട്.എം.സി.റോഡിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് സാനിറ്റൈസറും ഹാന്‍ഡ് വാഷും വിതരണം ചെയ്താണ് പോലീസുകാര്‍ മാതൃകയാകുന്നത്.

സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.ജെ. തോമസിന്റെ നേതൃത്വത്തിലാരംഭിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി പോലീസുകാര്‍ ഒന്നടങ്കം രംഗത്തെത്തുകയായിരുന്നു.കൊവിഡ് 19 നെതിരായി പ്ലകാര്‍ഡുകളും ബാനറുകളും കയ്യിലേന്തിയായിരുന്നു ബോധവത്കരണം.റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ സിഗ്നല്‍ കാത്തുകഴിയുമ്പോള്‍ പോലീസുകാര്‍ സാനിട്ടൈസറും ഹാന്‍ഡ് വാഷുമായി അടുത്തെത്തും.ഒപ്പം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളേക്കുറിച്ച് ഗുണദോഷവും.പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാകര്‍ഫ്യൂവിന്റെ ഭാഗമായി പോലീസ് സ്‌റ്റേഷനില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആദരവും ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button