ന്യൂഡല്‍ഹി: ഇന്ത്യ, യു.കെ എന്നിവിടങ്ങളില്‍ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ കൊവാക്‌സിന്‍ ഫലപ്രദമാണെന്ന് ഭാരത് ബയോ ടെക്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ബി 1617, ബി 117 എന്നിവ ഉള്‍പ്പെടെ കൊറോണ വൈറസിന്റെ പ്രധാന വകഭേദങ്ങള്‍ക്കുമെതിരെ കൊവാക്സിന്‍ ഫലപ്രദമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. പരീക്ഷിച്ച എല്ലാ പ്രധാന വകഭേദങ്ങളേയും കൊവാക്സിന്‍ നിര്‍വീര്യമാക്കുന്നുവെന്ന് ഭാരത് ബയോടെക് അറിയിച്ചു.
ഇത് സംബന്ധിച്ച് മെഡിക്കല്‍ ജേണലായ ക്ലിനിക്കല്‍ ഇന്‍ഫെക്ഷിയസ് ഡിസീസസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ഐ.സി.എം.ആറും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്നാണ് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
റഷ്യയുടെ സ്പുട്നിക് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. മോസ്‌കോയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലാണ് വാക്സിന്‍ എത്തിച്ചതെന്ന് സ്പുട്നിക് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡിനെതിരായ റഷ്യന്‍ ഇന്ത്യന്‍ സംയുക്ത പോരാട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്നും ഉഭയകക്ഷി സഹകരണത്തിന്റെ സുപ്രധാന മേഖലകളിലൊന്നണിതെന്നും റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുഡാഷെവ് പറഞ്ഞു.
2020 ആഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത വാക്‌സിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മൂന്നാമത്തെ വാക്‌സിനാണ് സ്പുട്നിക്.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയും പുതിയ കേസുകളില്‍ വന്‍വര്‍ധന രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഫുട്‌നിക് വാക്‌സിന് അംഗീകാരം നല്‍കിയത്. ഡോ.റെഡ്ഡീസ് ഗ്രൂപ്പാണ് രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.