തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കര്‍ശന നടപടിയുമായി കൊട്ടാരക്കര കോടതി. സംഭവത്തില്‍ ടെലിഗ്രാം ആപ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ക്കു കൊട്ടാരക്കര കോടതി സമന്‍സ് അയച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ പേരു പറഞ്ഞ് സീക്രട്ട് സെക്‌സ് ഗ്രൂപ്പുകളില്‍ ഫോണ്‍ നമ്ബര്‍ ഷെയര്‍ ചെയ്ത കേസിലാണ് കോടതി ഇടപെടല്‍. വീണ വിജയന്റെ നഗ്നദൃശ്യങ്ങള്‍ ലഭിക്കാന്‍ മൊബൈല്‍ നമ്ബറില്‍ ബന്ധപ്പെടുക എന്ന് കാട്ടിയായിരുന്നു ടെലഗ്രാം, വാട്ട്‌സാപ്പ്, ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളിലാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചത്.
എന്നാൽ മൂന്ന് യുവാക്കളുടെ നമ്പറാണ് സന്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുവാക്കളില്‍ ഒരാളായ ബിനീഷ് എഴുകോണ്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി എടുക്കാത്തത് എന്നായിരുന്നു ആരോപണം.ഇയാളുടെ ഫോണ്‍ നമ്ബര്‍ നല്‍കിയാണ് അശ്ലീലസന്ദേശം പ്രചരിപ്പിച്ചത്. ഫോണിലേക്കു കൂട്ടത്തോടെ വിളികളെത്തിയതോടെ യുവാവ് കഴിഞ്ഞ ജൂലൈയില്‍ റൂറല്‍ എസ്പി ഹരിശങ്കറിനു പരാതി നല്‍കി. ധനഞ്ജയ്, അബ്ദുള്‍കലാം, ബിനീഷ് എന്നീ യുവാക്കളുടെ നമ്പറുകളാണ് ഇത്തരത്തില്‍ പ്രചരിച്ചത്.വ്യാജ പ്രൊഫൈലും മറ്റൊരാളുടെ ഫോണ്‍ നമ്പരും ഉപയോഗിച്ചാണു സന്ദേശം പ്രചരിപ്പിച്ചതെന്നു കണ്ടെത്തി. പ്രതികളെ കണ്ടെത്താന്‍ ടെലിഗ്രാം അധികൃതരുടെ സഹായം ലഭിക്കുന്നില്ലെന്നാണു പൊലീസിന്റെ പരാതി.
പല തവണ ആവശ്യപ്പെട്ടിട്ടും വിവരങ്ങള്‍ കൈമാറിയില്ല. ഈ സാഹചര്യത്തിലാണ് കോടതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഡല്‍ഹിയിലുള്ള ടെലിഗ്രാം ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്കാണു കോടതി സമന്‍സ് അയച്ചത്. വിവരം ലഭിക്കാതെ വന്നാല്‍ നയതന്ത്ര ബന്ധം ഉപയോഗിച്ചു വിദേശത്തുനിന്നു ടെലിഗ്രാം ഉന്നതരെ വരുത്താനാണു പോലീസ് ശ്രമം. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നു കരുതുന്നവരുടെ ഐഡി വിവരങ്ങള്‍ ടെലിഗ്രാം ആപ്ലിക്കേഷന്‍ ഹാജരാക്കണമെന്നാണു കോടതി നിര്‍ദ്ദേശം. കൊട്ടാരക്കര പൊലീസ് സൈബര്‍ സെല്‍ നല്‍കിയ ഹര്‍ജിയിലാണു കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഇടപെടല്‍.
നിരവധി സീക്രട്ട് ഗ്രൂപ്പുകളിലും യുവാക്കളുടെ നമ്പര്‍ പ്രചരിക്കുന്നുണ്ട്. പല സ്ത്രീകളുടെ പേരുകളും ഉപയോഗിച്ചാണ് വ്യാജ സന്ദേശങ്ങളുടെ പ്രചരണം. തുടര്‍ന്ന് യുവാക്കളുടെ ഫോണുകളിലേക്ക് നിരന്തരം കോളുകളും വാട്ട്‌സാപ്പ് സന്ദേശങ്ങളും എത്തി.ഇതോടെയാണ് തങ്ങളുടെ നമ്പര്‍ സീക്രട്ട് ഗ്രൂപ്പുകളില്‍ പ്രചരിച്ചു എന്ന് മനസ്സിലായത്. തുടരെ തുടരെ കോളുകള്‍ വരാന്‍ തുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് നിരവധി ടെലിഗ്രാം, വാട്ട്‌സാപ്പ് , ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ നമ്ബര്‍ പ്രചരിച്ചു എന്നറിഞ്ഞത്. വിജിലന്‍സിലേക്കു ചുമതല മാറിയെങ്കിലും എസ്പി ഹരിശങ്കറിന്റെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്.