കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി
പലക്കാട്: മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. മണിവാസവത്തിന്റെയും കാര്‍ത്തിക്കിന്റെയും ബന്ധുക്കള്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് വിധി. അതേസമയം മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ മദ്രാസ് ഹൈക്കോടതി ബന്ധുക്കള്‍ക്ക് അനുമതി നല്‍കി.
റീപോസ്റ്റുമോര്‍ട്ടം വേണമെന്നാവശ്യപ്പെട്ട് മണിവാസവത്തിന്റെയും കാര്‍ത്തിക്കിന്റെയും ബന്ധുക്കള്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതി വിധി. കേസ് നവംബര്‍ രണ്ടാം തിയതി പരിഗണിക്കും. ഇതിനിടെ മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് അനുമതി ലഭിച്ചു. ബന്ധു സമര്‍പ്പിച്ച ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റേതാണ് ഉത്തരവ്. ട്രിച്ചി ജയിലിലുള്ള ഭാര്യയ്ക്കും മകള്‍ക്കും തൃശൂരില്‍ എത്തി കാണുന്നതിനാണ് അനുവാദം നല്‍കിയത്.
അതേസമയം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളെ തിരിച്ചറിയാന്‍ പൊലീസ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ടവരുടെ ദൃശ്യങ്ങള്‍ തമിഴ്നാട്, കര്‍ണാടക പോലീസിന് കൈമാറിയിട്ടുണ്ട്.