ന്യൂഡല്‍ഹി: ഗര്‍ഭസ്ഥശിശുവിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയാല്‍ ഭ്രൂണഹത്യ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ മാതാവിന് അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയ 28 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ 33കാരിക്ക് അനുമതി നല്‍കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം.
ജസ്റ്റിസ് ജ്യോതി സിങ് ആണ് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. ഗര്‍ഭസ്ഥശിശുവിന് ഒന്നിലേറെ പ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയതിനാല്‍ അതുമായി മുന്നോട്ടുപോകണമോയെന്ന് തീരുമാനിക്കാനുള്ള മാതാവിന്റെ അവകാശം നിഷേധിക്കാനാവില്ല. പ്രത്യുത്പാദന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്നും അദ്ദേഹം പറഞ്ഞു.
ഗര്‍ഭച്ഛിദ്ര നിയമപ്രകാരം 24 ആഴ്ചവരെയുള്ള ഗര്‍ഭം മാത്രമേ അലസിപ്പിക്കാന്‍ അനുമതി. ഈ സമയപരിധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. തുടര്‍ന്ന്, കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഹൈക്കോടതി എയിംസിനോട് ആവശ്യപ്പെട്ടു. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു ബോര്‍ഡിന്റെ കണ്ടെത്തല്‍.
കുഞ്ഞിന് അപൂര്‍വ ഹൃദ്രോഗമുണ്ട്. ജനിച്ചുകഴിഞ്ഞുള്ള ആദ്യവര്‍ഷത്തില്‍ രണ്ടോ മൂന്നോ ഹൃദയശസ്ത്രക്രിയയും പിന്നീട് വര്‍ഷത്തില്‍ ഓരോ ശസ്ത്രക്രിയ വീതവും വേണ്ടിവന്നേക്കും. അതുകൊണ്ട് തന്നെ മാതാവ് വലിയ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയാണെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം.