ന്യൂഡൽഹി∙ ഡൽഹി അശോക് വിഹാറിൽ ദമ്പതികളെയും വീട്ടുജോലിക്കാരിയെയും അതിദാരുണമായി കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നു പൊലീസ്. ചൊവ്വാഴ്ച രാവിലെ എട്ടിനും ഒൻപതിനും ഇടയിലാണു മൂന്നു കൊലപാതകങ്ങൾ നടന്നതെന്നു പൊലീസ് സ്ഥീരികരിച്ചു. അശോക് വിഹാറിൽ താമസിക്കുന്ന സമീർ അഹുജ (38), ഭാര്യ ശാലു (35), വീട്ടുജോലിക്കാരി സ്വപ്‌ന (33) എന്നിവരാണു കൊല്ലപ്പെട്ടത്. ഹാളിൽ ഉറങ്ങുകയായിരുന്ന ദമ്പതിമാരുടെ രണ്ട് വയസ്സുകാരിയായ മകളെ സുരക്ഷിതമായ നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു.
ഏറെ നേരം തിരഞ്ഞിട്ടും കൊലയാളികൾക്കു കണ്ടെത്താൻ സാധിക്കാതിരുന്നതിനാൽ മാത്രമാണു കുഞ്ഞ് രക്ഷപ്പെട്ടതെന്നു അശോക് വിഹാർ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. സമീർ അഹൂജയുടെ വീട്ടിൽ രാവിലെ 8 മണിയോടെ അഞ്ചംഗം സംഘം രണ്ട് ബൈക്കുകളിലായി എത്തുന്നതിന്റെയും ഒൻപതു മണിയോടെ ധൃതിയിൽ മടങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സച്ചിൻ(19), സുജിത് (21) എന്നീ യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്.
കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നും എന്നാൽ കൊലപാതകത്തിനു പിന്നിലെ ബുദ്ധികേന്ദ്രം ശാലു അഹൂജ നടത്തിയിരുന്ന ബ്യൂട്ടിപാർലറിലെ മുൻജീവനക്കാരനാണെന്നും പൊലീസ് പറയുന്നു. മോശം പെരുമാറ്റത്തിന്റെ പേരിൽ ഇയാളെയും പെൺസുഹൃത്തിനെയും കഴിഞ്ഞ ദിവസം ശാലു അഹൂജ പുറത്താക്കിയിരുന്നു. സമീറുമായും ഇരുവരും കലഹിച്ചിരുന്നതായും പൊലീസ് പറയുന്നു. ഇവരുടെ പേരോ മറ്റു വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. വീടിനോടു ചേർന്നു തന്നെയാണ് ബ്യൂട്ടി പാർലറും പ്രവർത്തിച്ചിരുന്നത്.
ദമ്പതികളുടെ മുൻ ജീവനക്കാരനും പെൺസുഹൃത്തുമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. ദമ്പതികളുടെ വീട്ടിലെത്തിയ അഞ്ചംഗം സംഘത്തിലെ മറ്റു മൂന്നു പേർക്കുമായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുമെന്ന് അശോക് വിഹാർ പൊലീസ് അറിയിച്ചു.
രാവിലെ ഏഴു മണിയോടെയാണ് പതിവുപോലെ സ്വപ്‌ന അഹൂജയുടെ വീട്ടിലെത്തിയതെന്നും, അവർ വീട്ടിലുണ്ടായിരുന്നുവെന്ന ഒറ്റക്കാരണത്താലാണ് അവരെയും കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. കഴുത്തറുത്താണ് രണ്ട് സ്ത്രീകളെയും പ്രതികൾ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട മൂന്നുപേരെയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതികൾ ആക്രമിച്ചിരുന്നു. നാല് നിലയുള്ള കെട്ടിട്ടത്തിന്റെ താഴത്തെ നിലയിലാണ് ശാലുവിന്റെയും സ്വപ്നയുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്.
ഒന്നാം നിലയിൽ തറയിൽ കമിഴ്‍ന്നു കിടക്കുന്ന നിലയിലായിരുന്നു സമീറിന്റെ മൃതദേഹം. സമീറിനെ ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കിടിച്ച് വീഴ്ത്തുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. സമീറിന്റെ ശരീരത്തിലും നിരവധി മുറിവുകൾ ഉണ്ട്. ഒന്നാം നിലയിലെ ഹാളിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ മടങ്ങുകയായിരുന്നുവെന്ന് അറസ്റ്റിലായ പ്രതികളെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.