KeralaNews

വാട്ടർ അതോറിറ്റി ഓഫീസിന് മുന്നില്‍ പരസ്യമായി കുളിച്ച് കൗൺസില‍റുടെ പ്രതിഷേധം

കൊല്ലം:  കൊല്ലത്ത് കുടിവെള്ളം ലഭ്യമാക്കാത്തതിനെതിരെ വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസില‍ർ. പുനലൂരിലെ വാട്ടർ അതോറിറ്റി ഓഫീസിലേക്ക് കുടത്തിൽ വെള്ളവുമായെത്തി പരസ്യമായി കുളിച്ചായിരുന്നു പ്രതിഷേധം. 

കുടിവെള്ള പ്രശ്നം ഉടൻ പരിഹരിക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് കൗണ്‍സില‍ർ സമരം അവസാനിപ്പിച്ചത്. പുനലൂര്‍ നഗരസഭയിലെ പത്തേക്കർ വാര്‍ഡിന്റെ കൗണ്‍സിലറാണ് ഷൈൻ ബാബു. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിട്ട് നാളേറെയായി. നൂറോളം കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. 

പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പലവട്ടം വാട്ടര്‍ അതോറിറ്റി ഓഫീസിൽ കയറിയിറങ്ങി. ബുദ്ധിമുട്ടുകൾ വിശദീകരിച്ച് തൊണ്ടയിലെ വെള്ളം വറ്റിയെന്നല്ലാതെ പൈപ്പിൽ വെള്ളം എത്തിയില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഷൈൻ ബാബു ഒരു കുടം വെള്ളവുമായി വാട്ടര്‍ അതോറിറ്റി ഓഫീസിലേക്കെത്തിയത്. പിന്നെ കുത്തിയിരുപ്പ് സമരം. പ്രശ്നത്തിൽ തീരുമാനമാകാതായതോടെ കൊണ്ടുവന്ന വെള്ളമെടുത്ത് തലവഴി ഒഴിച്ചു.

പ്രതിഷേധത്തിനൊടുവിൽ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പ് നൽകി. വെള്ളം കിട്ടിയില്ലെങ്കില്‍ വാര്‍ഡിലെ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നൽകിയാണ് ഷൈൻ ബാബു മടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button