കൊറോണ വൈറസിന് എത്ര നേരം മനുഷ്യചര്‍മ്മത്തില്‍ കഴിയാനുള്ള കഴിവുണ്ട്: പഠനറിപ്പോർട്ടുകൾ പുറത്ത്
കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് നടക്കുന്നത്. കൊറോണ വൈറസിന് എത്ര നേരം മനുഷ്യചര്‍മ്മത്തില്‍ കഴിയാനുള്ള കഴിവുണ്ടെന്ന് വിദഗ്‌ദർ അടുത്തിടെ പഠനം നടത്തിയിരുന്നു. അമേരിക്കയിലെ ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മനുഷ്യചര്‍മ്മത്തില്‍ ഏകദേശം 9 മണിക്കൂറോളം കൊറോണ വൈറസിന് നിലനിൽക്കാനാകുമെന്നാണ് ഈ പഠനറിപ്പോർട്ടിൽ പറയുന്നത്. മൃതദേഹങ്ങളുടെ ചര്‍മ്മത്തിലാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടത്തിയത്. നിരവധി വൈറസുകളെയാണ് ഇത്തരത്തിൽ പഠനത്തിനായി ഉപയോഗിച്ചത്. കൊറോണ വൈറസ് മാത്രമാണ് ഏകദേശം 9 മണിക്കൂറോളം ത്വക്കില്‍ നിലനിന്നത്.
ഇന്‍ഫ്‌ളുവന്‍സ എ വൈറസിന് 2 മണിക്കൂര്‍ വരെ മനുഷ്യചര്‍മ്മത്തില്‍ ജീവിക്കാന്‍ കഴിയും. കൊറോണ വൈറസിന് 9 മണിക്കൂറും ചർമ്മത്തിൽ ജീവിക്കും. എന്നാല്‍ 80 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് 15 സെക്കന്റ് കൈകള്‍ കഴുകിയതിലൂടെ രണ്ടിനെയും അകറ്റാൻ സാധിച്ചുവെന്നും പഠനത്തിൽ പറയുന്നു. അതേസമയം, കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന വാദങ്ങള്‍ സ്ഥിരീകരിച്ച് യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവന്‍ഷനും രംഗത്തെത്തി.