പത്തനംതിട്ടയിലെ മുഴുവന്‍ പൊതുപരിപാടികളും റദ്ദാക്കി; കൊറോണ ബാധിതരെ പരിചരിച്ച ഡോക്ടറും നഴ്‌സും നിരീക്ഷണത്തില്‍
പത്തനംതിട്ട: അഞ്ചു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ പൊതുപരിപാടികളും റദ്ദാക്കി. വിഷയത്തെ അതീവ ഗൗരവമായാണ് കാണുന്നതെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.
ഇറ്റലിയില്‍ നിന്നെത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ അഞ്ചു പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. പത്തനംതിട്ട ജില്ലയിലെ റാന്നി ഐത്തല സ്വദേശികളാണ് രോഗ ബാധിതര്‍. കഴിഞ്ഞ മാസം 29നാണ് ഇറ്റലിയില്‍ നിന്ന് മൂന്നു പേര്‍ ഇവിടേക്ക് എത്തിയത്. ഇവരുടെ ബന്ധുക്കളായ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ശക്തമായ പ്രതിരോധ നടപടികള്‍ തുടങ്ങി. ഇവര്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയതിനാല്‍ എറണാകുളം ജില്ലയിലും കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം രോഗ ബാധിതര്‍ ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടറും നഴ്സും നിരീക്ഷണത്തിലാണ്. റാന്നിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ആദ്യം ചികിത്സതേടിയത്. പനിക്ക് ചികിത്സ തേടി എത്തിയ ഇവരെ ഒരു ഡോക്ടറും രണ്ട് നേഴ്സുമാരും പരിചരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ രോഗലക്ഷണങ്ങളോടെ ചികിത്സക്ക് എത്തിയപ്പോഴും ഇറ്റലിയില്‍ പോയ വിവരമോ യാത്രാവിശദാംശങ്ങളോ രോഗ ബാധിതര്‍ അറിയിച്ചിരുന്നില്ല. ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് രോഗികളെ പരിചരിച്ച ഡോക്ടറെയും രണ്ട് നഴ്സുമാരേയും നിരീക്ഷിക്കുന്നത്. മൂന്ന് പേര്‍ക്കും അവധിയും നല്‍കിയിട്ടുണ്ട്.