ബെയ്ജിംഗ്: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന ചൈനയില്‍ മരണസംഖ്യ ഉയരുന്നു. ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ചൈനയില്‍ മരണസംഖ്യ 1,100 കടന്നു. ചൊവ്വാഴ്ച മാത്രം 97 പേര്‍ മരിച്ചു. ഇവരില്‍ കൂടുതല്‍ പേരും ഹുബെയ് പ്രവിശ്യക്കാരാണ്. 44,200 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതായാണ് കണക്ക്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,110 ആണ് ഇതുവരെയുള്ള മരണനിരക്ക്.രോഗബാധ ഇനിയും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. ഇതിനിടെ, കൊറോണ വൈറസ് വന്‍ ഭീഷണിയായി മാറിയിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡ്ഹനോം മുന്നറിയിപ്പു നല്‍കി. ചൈനയിലെ വുഹാന്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട രോഗം ഇതിനോടകം 25 രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്.