FootballNewsSports

കോപ്പാ അമേരിക്ക കിക്കോഫിന് മണിക്കൂറുകൾ, ടൂർണ്ണമെൻറിനെ ഉലച്ച് കൊവിഡ് വ്യാപനം

റിയോ: കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിലെ അനിശ്ചിതത്വം അവസാനിക്കുന്നില്ല. ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിനെ നേരിടേണ്ട വെനസ്വേല ടീമിന്‍റെ നായകന്‍ തോമസ് റിങ്കണും പരിശീലകരും ഉള്‍പ്പടെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ മൂന്ന് ബൊളീവിയന്‍ താരങ്ങളും ഒരു സ്റ്റാഫും കൊവിഡ് പോസിറ്റീവായതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു

ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ബ്രസീൽ നാളെ പുലർച്ചെ രണ്ടരയ്‌ക്കാണ് വെനസ്വേലയെ നേരിടേണ്ടത്. അതേസമയം വെനസ്വേല ടീമിലെ എട്ട് താരങ്ങള്‍ക്കും പരിശീലക സംഘത്തിലെ നാല് പേര്‍ക്കും കൊവിഡ് കണ്ടെത്തിയതായാണ് ബ്രസീലിയന്‍ ആരോഗ്യമന്ത്രിയുടെ സ്ഥിരീകരണം. എന്നാല്‍ കൊവിഡ് പിടിപെട്ടവരുടെ എണ്ണം 13 ആയതായി കോൺമെബോള്‍ വ്യക്തമാക്കി. ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും എല്ലാവരെയും ടീം ഹോട്ടലില്‍ ക്വാറന്റീൻ ചെയ്‌തെന്നും അധികൃതർ അറിയിച്ചു.

ബൊളീവിയന്‍ ടീമിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ബൊളീവിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. കൊവിഡ് ബാധിതരായ ബൊളീവിയന്‍ ടീം അംഗങ്ങളും ക്വാറന്‍റീനിലാണ്. ഞായറാഴ്‌ച പരാഗ്വേക്കെതിരെയാണ് ബൊളീവയുടെ ആദ്യ മത്സരം. കൊവിഡ് സാഹചര്യത്തിൽ അവസാന നിമിഷവും പുതിയതാരങ്ങളെ ഉൾപ്പെടുത്താൻ കോൺമെബോള്‍ അനുമതി നൽകിയിട്ടുള്ളതിനാൽ മത്സരം മാറ്റിവയ്‌ക്കില്ലെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ പ്രതീക്ഷിക്കുന്നുണ്ട്

കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന കോപ്പ അമേരിക്കയാണ് കൊവിഡ് കാരണം ഇക്കൊല്ലത്തേക്ക് നീട്ടിവച്ചത്. അർജന്റീനയും കൊളംബിയയുമായിരുന്നു കോപ്പയ്‌ക്ക് വേദിയാവേണ്ടിയിരുന്നത്. എന്നാൽ കൊവിഡ് വ്യാപനം അര്‍ജന്‍റീനക്കും ആഭ്യന്തര പ്രശ്‌നങ്ങള്‍ കൊളംബിയക്കും വേദി നഷ്‌ടമാകാന്‍ കാരണമായി. അവസാന ദിവസങ്ങളിൽ മത്സര വേദി ബ്രസീലിലേക്ക് മാറ്റി. കൊവിഡ് സാഹചര്യത്തില്‍ ബ്രസീലിൽ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ബ്രസീലിയന്‍ താരങ്ങളും വിയോജിപ്പ് അറിയിച്ചിരുന്നു.

കോപ്പ അമേരിക്ക ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് ബ്രസീലിയൻ താരങ്ങൾ പിൻമാറിയിട്ടുണ്ട്. കോൺമബോളിനെ രൂക്ഷമായി വിമർശിച്ച താരങ്ങൾ, വിയോജിപ്പോടെ കോപ്പയിൽ കളിക്കുമെന്ന് വ്യക്തമാക്കി. ‘കളിക്കാരുടെയോ ആരാധകരുടേയോ ആരോഗ്യകാര്യങ്ങൾ പരിഗണിക്കാതെയാണ് കോപ്പ അമേരിക്ക വേദിയായി ബ്രസീലിനെ തെരഞ്ഞെടുത്ത്. ഇത് അംഗീകരിക്കാൻ കഴിയില്ല.ഇതിൽ രാഷ്‌ട്രീയം കാണാൻ കളിക്കാർ ശ്രമിച്ചിട്ടില്ല. സംഘാടകരോടുള്ള എതിർപ്പ് നിലനി‍ർത്തി ബ്രസീലിയൻ ദേശീയ ടീമിനോടുള്ള കടപ്പാട് നിറവേറ്റും’ എന്നും താരങ്ങൾ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker