തിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ ചോദ്യപേപ്പർ ചോർന്നതായി പരാതി. മാർച്ച് 27-ന് നടത്തിയ ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. പരീക്ഷയുടെ തലേന്ന് പണംവാങ്ങി ചോദ്യപേപ്പർ പുറത്തുവിട്ടെന്നാണ് പരാതി. ചോദ്യങ്ങൾക്ക് പണം ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നു.
സഹകരണ ബാങ്കുകളിലേക്കുള്ള ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യങ്ങളാണ് ചോർന്നതായി പരാതി ഉയർന്നിട്ടുള്ളത്. സഹകരണ സർവീസ് ബോർഡ് ആണ് ഈ പരീക്ഷ നടത്തിയത്. സംസ്ഥാനത്തെ 93-ഓളം കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നുവെന്ന് വ്യാപകപരാതിയാണ് ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് സഹകരണ പരീക്ഷാ ബോർഡിന് പരാതി ലഭിച്ചിട്ടുണ്ട്.
പരീക്ഷയുടെ തലേദിവസം, ഒരു ഉദ്യോഗാർഥിയും ചോദ്യപേപ്പർ ചോർത്തിയെന്ന് കരുതിയ ആളും തമ്മിൽ നടന്നെന്ന് കരുതുന്ന ഫോൺ സംഭാഷണം പുറത്തുവന്നതാണ് തെളിവായി മാറിയത്. ചോദ്യവും ഉത്തരവും പറഞ്ഞുനൽകാം, പണം നൽകണം എന്നാണ് ഈ ഓഡിയോ ക്ലിപ്പിലുള്ളത്. കോഴിക്കോട് കേന്ദ്രീകരിച്ച്, പരീക്ഷാപരിശീലനം നടത്തുന്ന ഒരു യു ട്യൂബ് ചാനലാണ് ചോദ്യപേപ്പർ ചോർത്തിയതിന് പിന്നിലെന്നാണ് ആരോപണം വന്നിരിക്കുന്നത്.
കാരണം, ഇവരുടെ ഫോൺ നമ്പറിൽനിന്നാണ് ഉദ്യോഗാർഥികൾക്ക് കോൾ വന്നത്. പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങൾ പറഞ്ഞുതരാം, പണം തരണം എന്നായിരുന്നു ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് പല ഉദ്യോഗാർഥികളും ഇവരെ ബന്ധപ്പെട്ടത്. വിളിച്ചവർക്ക് വിശ്വാസം തോന്നാൻ മൂന്നോ നാലോ ചോദ്യങ്ങൾ പറഞ്ഞുകൊടുത്തു. പിന്നീട് ചില ഉദ്യോഗാർഥികൾ ഇവരുടെ കെണിയിൽ വീണു എന്നാണ് അറിയുന്നത്. ആദ്യം പലരും വിശ്വസിച്ചില്ലെങ്കിലും ചോദ്യപേപ്പർ കയ്യിൽ കിട്ടിയപ്പോഴാണ് ഫോൺകോളിൽ പറഞ്ഞ അതേ ക്രമത്തിൽതന്നെ ചോദ്യപേപ്പറിൽ ചോദ്യങ്ങൾ അച്ചടിച്ചുവന്നിരിക്കുന്നത് കണ്ടത്. അപ്പോഴാണ് ചോദ്യപേപ്പർ നേരത്തെ തന്നെ ചോർന്നെന്ന സംശയം ഉദ്യോഗാർഥികൾക്കു തോന്നിയത്.
മറ്റൊരു ഗുരുതരമായ കാര്യം കൂടി നടന്നു. രണ്ടര മുതൽ നാലര വരെ ആയിരുന്നു പരീക്ഷ. എന്നാൽ മൂന്നര ആയപ്പോൾ തന്നെ ഈ യു ട്യൂബ് ചാനലിൽ ചോദ്യപേപ്പറിലെ മുഴുവൻ ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ ആയി അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ്, ചോദ്യപേപ്പർ മുൻപേ തന്നെ ഇവർക്ക് ചോർന്നുലഭിച്ചെന്ന സംശയം കൂടുതൽ ബലപ്പെട്ടത്.
വിഷയത്തിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് ഡി.ജി.പിക്ക് പരാതി നൽകുമെന്നാണ് വിവരം.
https://youtu.be/KeKl_AczmKE