ശീതളപാനീയങ്ങള്‍ കുടിക്കുന്നവര്‍ സൂക്ഷിക്കുക; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്
ശീതള പാനീയങ്ങള്‍ കുടിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ സൂക്ഷിക്കുക. ഷുഗര്‍ കണ്ടന്റ് അധികമുള്ള പാനീയങ്ങള്‍ കുടിക്കുന്നവരില്‍ മരണ സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. ശീതളപാനീയങ്ങളെ സംബന്ധിച്ച് ഈ വര്‍ഷം പബ്ലിഷ് ചെയ്ത മൂന്നാമത്തെ ഏറ്റവും വലിയ പഠനമാണിത്. ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറാസിന്റെ ഗവേഷണത്തിലാണ് ഞെട്ടിക്കുന്ന വസ്തുത പുറത്ത് വന്നിരിക്കുന്നത്. പഞ്ചസാര മധുരമുള്ള ശീതളപാനീയങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്തി പകരം ആരോഗ്യകരമായ മറ്റ് പാനീയങ്ങള്‍ അതായത് വെള്ളമാണ് ഏറ്റവും ഉത്തമമെന്നാണ് പഠനം കൊണ്ട് വ്യക്തമായിരിക്കുന്നതെന്ന് ഗവേഷണം നടത്തിയ ഗവേഷകനായ ഡോ. നീല്‍ മുര്‍ഫി പറഞ്ഞു.
കൃത്രിമ മധുരങ്ങളില്‍ ആരോഗ്യത്തെ ബാധിക്കുന്ന ഘടകം ഏതാണെന്നു കണ്ടെത്താന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും മുര്‍ഫി പറയുന്നു. ജമാ ഇന്റേണല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന പ്രബന്ധത്തില്‍ എങ്ങിനെയാണ് 4,50,000-ത്തിലധികം ആളുകളില്‍ പഠനം നടത്തിയതെന്ന് വിശദമാക്കുന്നുണ്ട്. 1992 നും 2000 നും ഇടയിലാണ് ആളുകളെ പഠനത്തിനായി തിരഞ്ഞെടുത്തത്. 16 വര്‍ഷത്തോളം അവരെ നിരീക്ഷിച്ചു. ശരാശരി 50 വയസ്സിന് മുകളില്‍ പ്രായമുള്ള 10 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. അതില്‍ 70 ശതമാനവും സ്ത്രീകളായിരുന്നു. കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരെ പഠനത്തിന് എടുത്തിട്ടില്ല.
ഇക്കാലയളവില്‍ 41,600-ല്‍ അധികം ആളുകള്‍ മരണപ്പെട്ടിരുന്നു. ഒരു മാസം ഒരു ഗ്ലാസില്‍ താഴെ ശീതളപാനീയങ്ങള്‍ കുടിച്ചവരില്‍ 9.3% പേര്‍ പഠനത്തിനിടെ മരിച്ചുവെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ഒരു ദിവസം രണ്ടോ അതിലധികമോ 250 മില്ലി ഗ്ലാസ് കുടിച്ചവരില്‍ 11.5%-വും മരണപ്പെട്ടിട്ടുണ്ട്. ബോഡി മാസ് സൂചിക, ഭക്ഷണക്രമം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, പുകവലി, വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഒരു ഗ്ലാസില്‍ താഴെ കുടിക്കുന്നവരെ അപേക്ഷിച്ച് ഒരു ദിവസം രണ്ട് ഗ്ലാസ് കുടിക്കുന്നവരില്‍ 17% മരണ സാധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.