കോതമംഗലം: വാരപ്പെട്ടിയില്‍ കെ.എസ്.ഇ.ബി. വാഴത്തോട്ടം വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകന്‍ തോമസിന് നഷ്ടപരിഹാരം നല്‍കി. എം.എല്‍.എ. ആന്റണി ജോണ്‍ നേരിട്ടെത്തിയാണ് മൂന്നര ലക്ഷം രൂപ കൈമാറിയത്. നഷ്ടപരിഹാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു തോമസിൻ്റെ പ്രതികരണം. കര്‍ഷകദിനത്തില്‍ സാധാരണ കര്‍ഷകന് ലഭിക്കുന്ന അംഗീകാരമായാണ് കാണുന്നത് എന്ന് തോമസിന്റെ മകന്‍ അനീഷും വ്യക്തമാക്കി,
ശരിതെറ്റുകള്‍ ചര്‍ച്ചചെയ്യേണ്ട സാഹചര്യമല്ല ഇപ്പോഴെന്നും തോമസിനുണ്ടായ നഷ്ടം പരിഹരിക്കുന്നതിനാണ് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചതെന്നും ആന്റണി ജോണ്‍ എം.എല്‍.എ. വ്യക്തമാക്കി. അപകട സാധ്യതയുണ്ടെന്ന് കര്‍ഷകനെ മുന്‍കൂട്ടി അറിയിക്കുന്നതില്‍ വീഴ്ചപറ്റിയിട്ടുണ്ട്. വലിയ സാമ്പത്തിക നഷ്ടമാണ് അദ്ദേഹത്തിനുണ്ടായത്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് അര്‍ഹമായ സാമ്പത്തിക സഹായം അദ്ദേഹത്തിനു നല്‍കാനും അത് കെ.എസ്.ഇ.ബി. തന്നെ നല്‍കണമെന്നുമുള്ള നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്, എം.എൽ.എ. പറഞ്ഞു.
കോതമംഗലം ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയിൽ കൃഷിചെയ്തിരുന്ന ഒൻപത് മാസം പ്രായമായ 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാർ വെട്ടിനശിപ്പിച്ചത്. വാഴയില ലൈനിൽ മുട്ടിയെന്നാരോപിച്ചായിരുന്നു അധികൃതർ അരയേക്കറിലെ വാഴകൾ വെട്ടിനശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വാര്‍ത്ത പുറത്തുവന്നതോടെ കൃഷിമന്ത്രിയും വൈദ്യുതിമന്ത്രിയും വിഷയത്തില്‍ ഇടപെടുകയായിരുന്നു.