തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ഭക്ഷ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളിലും ഹോം ഡെലിവറി സംവിധാനം നാളെ മുതല്‍ ആരംഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ മരുന്നുകള്‍ വീട്ടിലെത്തിച്ച് നല്‍കാനും തീരുമാനമുണ്ട്. കെഎസ്ആര്‍ടി സിയുമായി സഹകരിച്ച് മൊബൈല്‍ ഡെലിവറി വിപുലമാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബും എംഡി ഡോ സനില്‍ കുമാറും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൊവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സേനവങ്ങള്‍ക്ക് മത്രമായിരിക്കും അനുമതി. വേനല്‍ ക്യാമ്പുകള്‍ നടക്കുന്നുണ്ടെങ്കില്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. വരുന്ന രണ്ടാഴ്ചയായിരിക്കും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുക.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം. ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നേരത്തേ വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങളുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അനുമതി തേടി കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അനുമതി നല്‍കും.
പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനുമതി ഉണ്ടായിരിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും നടക്കുക. ട്യൂഷന്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കും. ഹോസ്റ്റലുകളില്‍ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. കൊവിഡ് പ്രതിരോധത്തിന് വാര്‍ഡുതല സമിതികളെ ഉപയോഗിക്കാനും തീരുമാനിച്ചു.