സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് (CDS Bipin Rawat) സഞ്ചരിച്ച സൈനിക ഹെലികോപ്ടർ (Military helicopter) തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കുനൂരിനും ഇടയിലായി തകര്‍ന്ന് വീണു. സുലൂരില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ മേട്ടുപാളയം പോകുന്ന വഴിക്കാണ് അപകടം നടന്നത്. ഹെലികോപ്റ്ററില്‍ ബിപിൻ റാവത്ത് ഉള്‍പ്പടെ 14 പേരുണ്ടായിരുന്നതായാണ് വിവരം.
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണയുടനെ സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ 80 ശതമാനം പൊള്ളലേറ്റ നിലയില്‍ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ 11 പേരുടെ മരണം സ്ഥിരീകരിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍റിങ്ങിന് തൊട്ട് മുമ്പ് എം ഐ 17 V5 ഹെലികോപ്റ്ററാണ് തകര്‍ന്ന് വീഴുകയാണെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ വ്യോമസേന )അന്വേഷണം പ്രഖ്യാപിച്ചു. അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തു. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അൽപ്പ സമയത്തിനുള്ളിൽ സ്ഥലത്തേക്ക് എത്തും. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ദില്ലിയിൽ കേന്ദ്ര മന്ത്രിസഭ അടിയന്തിര യോഗം ചേര്‍ന്നു. ജന. ബിപിന്‍ റാവത്തിനെ ഗുരുതരപരിക്കുകളോടെ സൈനീക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.
ജന.ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച വ്യോമസേനയുടെ റഷ്യൻ നിർമിത എം ഐ 17 V5 (MI 17 V 5) ഹെലിക്കോപ്ടറാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരുടെ നില അതീവ ഗരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം. സുലൂർ വ്യോമകേന്ദ്രത്തിൽ (Sulur Air Force Station) നിന്നും പറന്നുയർന്ന ഹെലികോപ്ടർ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കുനൂരിനും ഇടയിലായാണ് അപകടത്തിൽപ്പെട്ടത്.
രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അപടകമുണ്ടായ സ്ഥലത്തേക്ക് ആദ്യമോടിയെത്തിയത് നാട്ടുകാരാണ്. വന്‍തോതില്‍ അഗ്നിബാധയുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നാട്ടുകാരുടെ നേതൃത്വത്തിലാണ് പ്രാഥമിക ഘട്ടത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. പിന്നീട് സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുത്തു.
വില്ലിംഗ്ടണ്‍ സൈനീക കോളേജില്‍ പുതിയ ബാച്ചുമായി സംസാരിക്കാനായി 11.45 ന് സുലൂര്‍ വ്യോമ കേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ 12 മണിയോടെ വിലിംഗ്ടണിലെത്തിയെങ്കിലും കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് തിരിച്ച് പറന്നു. എന്നാല്‍, ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ഹെലികോപ്റ്റര്‍ കുനൂരിന് സമീപം തകര്‍ന്ന് വീഴുകയായിരുന്നു.
ഡിഫൻസ് കോളേജിൽ ഇന്ന് ഉച്ചയ്ക്ക് 2.45-ന് അദ്ദേഹത്തിന്‍റെ പ്രഭാഷണമുണ്ടായിരുന്നു. ഹെലികോപ്ടറിൽ സംയുക്ത സൈനികമേധാവിയുടെ ഭാര്യയെ കൂടാതെ വേറെയും ചില കുടുംബാംങ്ങളുണ്ടായിരുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു.