ന്യൂഡൽഹി : വരുണ്‍ ഗാന്ധിക്ക് കോണ്‍ഗ്രസിന്‍റെ ക്ഷണം. വരുണിനായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് മുതിര്‍ന്ന നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. വരുണിന് ബിജെപി ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ക്ഷണം. മത്സരിക്കാന്‍ സീറ്റ് കിട്ടാത്ത വരുണ്‍ ഗാന്ധിയുടെ തുടര്‍നീക്കങ്ങള്‍ നിര്‍ണ്ണായകമായേക്കാവുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് ചൂണ്ടയിട്ടു നോക്കുന്നത്.
വരുണ്‍ ഗാന്ധി മികച്ച പ്രതിച്ഛായയുള്ളയാളാണ്, അഴിമതി തൊട്ടുതീണ്ടിയിട്ടില്ല, ഗാന്ധിയന്‍ ആദര്‍ശങ്ങളോട് താല്‍പര്യമുണ്ട്. ഗാന്ധി കുടുംബവുമായുള്ള ബന്ധം കാരണമാണ് വരുണിന് സീറ്റ് നിഷേധിച്ചതെന്നും വരുണ്‍ കോണ്‍ഗ്രസില്‍ തന്നെ എത്തുമെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
പിലിഭിത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട വരുണ്‍ നിശബ്ഗനാണ്. മോദിയുടെയും യോഗിയുടെയും നയങ്ങള്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത വിമര്‍ശനം ഉന്നയിച്ചതാണ് സീറ്റ് നിഷേധിക്കപ്പെടാന്‍ കാരണം. നാമനിര്‍ദ്ദേശ പത്രിക വാങ്ങിവച്ചിട്ടുണ്ടെന്നാണ് വിവരം. സ്വതന്ത്രനായി മത്സരിക്കാന്‍ നീക്കമുണ്ടെന്ന് പറയപ്പെടുന്നു.
സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നും അഭ്യൂഹമുണ്ട്. അങ്ങനെയങ്കില്‍ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥിയായി അമേഠിയില്‍ മത്സരിപ്പിക്കാന്‍ നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരുണിന്‍റെ തുടര്‍നീക്കങ്ങള്‍ കാത്താണ് കോണ്‍ഗ്രസ് അമേഠിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതെന്നും പ്രചരണമുണ്ട്. രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കിലും ഗാന്ധി കുടുംബ പാരമ്പര്യം അങ്ങനെ അമേഠിയില്‍ നിലനിര്‍ത്താനുമാകും.
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. നാലാം ഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 46 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ യുപി പി സി സി അധ്യക്ഷൻ അജയ് റായ് മത്സരിക്കും. പ്രാദേശിക എതിര്‍പ്പ് മറികടന്ന് ഡാനിഷ് അലിക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കി. യുപിയിലെ അംറോഹയിലായിരിക്കും ഡാനിഷ് അലി മത്സരിക്കുക. നിലവിലെ രാജ്യസഭാ എംപിയായ ദിഗ് വിജയ് സിംഗ് മധ്യപ്രദേശിലെ രാജ്‍ഗഡിൽ മത്സരിക്കും. അമേഠിയും റായ്ബറേലിയും ഒഴിച്ചിട്ടാണ് യുപിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
തമിഴ്നാട്ടിലെ ഏഴു സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ ശിവഗംഗയില്‍ കാര്‍ത്തി ചിദംബരം തന്നെയായിരിക്കും മത്സരിക്കുക. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥാൻ ശശി കാന്ത് സെന്തില്‍ തിരുവള്ളൂരിലും കന്യാകുമാരിയില്‍ വിജയ് വസന്തും മത്സരിക്കും. മാണിക്കം ടാഗോര്‍ (വിരുദുനഗര്‍), ജ്യോതി മണി (കാരൂര്‍) എന്നിവര്‍ സിറ്റിങ് സീറ്റുകളില്‍ തന്നെയായിരിക്കും മത്സരിക്കുക.
കൂടല്ലൂരില്‍ ഡോ.എംകെ വിഷ്ണുപ്രസാദും മത്സരിക്കും. 4 ഘട്ടങ്ങളിലായി ഇതുവരെ വിവിധ സംസ്ഥാനങ്ങളിലായി ആകെ 185 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 18 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.