NationalNews

തെലങ്കാന ‘കൈ’പിടിയിലാക്കി കോൺഗ്രസ്; ബിജെപി ചിത്രത്തിലില്ല, ഒവൈസിക്ക് നേട്ടം

ഹൈദരാബാദ്: തെലങ്കാനയിലെ ആദ്യ ഫല സൂചനകളിൽ കോൺഗ്രസ് ബഹുദൂരം മുന്നിൽ. ആദ്യം തന്നെ ലീഡ് നേടിയ കോൺഗ്രസ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നില ഉയർത്തിയിട്ടുണ്ട്. നിലവിൽ 65  സീറ്റിലാണ് കോൺഗ്രസ് ലീഡ് നേടിയിരിക്കുന്നത്.

വോട്ടെണ്ണലിന്‍റെ ആദ്യ ഒരുമണിക്കൂർ പിന്നിടുമ്പോൾ ബി ആർ എസ് 40 സീറ്റുകളിലാണ് ലീഡ് നേടിയിരിക്കുന്നത്. ഒവൈസിയുടെ എ ഐ എം എം പാർട്ടിയാകട്ടെ 6 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്. ബി ജെ പി 7 സീറ്റിലും ഇവിടെ മുന്നേറുന്നുണ്ട്. ആദ്യ ഫല സൂചനകൾ പ്രകാരം തെലങ്കാന മുഖ്യമന്ത്രിയും ബി ആ‌ർ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണെന്നാണ് വിവരം.

സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലേറുമെന്നാണ് പാർട്ടി നിരീക്ഷകനായി തെലങ്കാനയിലെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറയുന്നത്. ഒരു കോണ്‍ഗ്രസ് നേതാവിനെയും വിലക്കെടുക്കാൻ ബി ജെ പിക്ക് കഴിയില്ലെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. തെലങ്കാനയില്‍ ബി ആര്‍ എസിനെയും മധ്യപ്രദേശില്‍ ബി ജെ പിയെയും തോല്‍പ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിസോർട്ട് രാഷ്ട്രീയത്തെ കുറിച്ച് വരുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ഡി കെ പറഞ്ഞു. ഇതെല്ലാം കിംവദന്തിയാണ്. തങ്ങളുടെ എല്ലാ എം‌എൽ‌എമാരും വിശ്വസ്തരാണെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പുണ്ട്. അവർ ‘ഓപ്പറേഷൻ ലോട്ടസ്’ എന്താണെന്ന് കണ്ടതാണ്. അത് നടക്കാന്‍ പോകുന്നില്ല.

നേരിയ ഭൂരിപക്ഷത്തിലാണ് വിജയമെങ്കിൽ എംഎൽഎമാരെ ചാക്കിടാനുള്ള നീക്കങ്ങൾ നടക്കുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. തങ്ങളുടെ നേതാക്കളെ മറ്റ് പാർട്ടികൾ സമീപിച്ചതായി കോൺഗ്രസ് നേതൃത്വവും തുറന്നുസമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിജയിക്കുന്ന എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാനുള്ള ആഢംബര ബസുകൾ പാർട്ടി തയ്യാറാക്കി കഴിഞ്ഞു.

ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിന് മുന്നിലാണ് ബസുകൾ ഒരുക്കി നിർത്തിയിരിക്കുന്നത്. നേതാക്കളെ ഈ ബസിൽ ബെംഗളൂരിവിലുള്ള റിസോർട്ടിലേക്കായിരിക്കും മാറ്റിയേക്കുക. സാഹചര്യങ്ങൾ നിരീക്ഷിക്കാൻ കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ കൂടിയായ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ തെലങ്കാനയിൽ എത്തിയിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button