29.5 C
Kottayam
Tuesday, May 7, 2024

കോൺഗ്രസ് നേതാക്കൾ വിലക്കി; ശശി തരൂരിനെ പങ്കെടുപ്പിക്കുന്ന പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറി

Must read

കോഴിക്കോട്: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ശക്തമായ മത്സരം കാഴ്ചവെച്ച ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്നും യൂത്ത് കോൺഗ്രസ്‌ പിൻവാങ്ങി. കോഴിക്കോട് നടത്താനിരുന്ന പരിപാടിയിൽ നിന്നാണ് പിന്മാറ്റം. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാർ തീരുമാനിച്ചത്.

ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിന്റെ പിന്മാറ്റം. യൂത്ത് കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി, ഇവർ പിന്മാറിയ സാഹചര്യത്തിൽ കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന ഏറ്റെടുത്തു. കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജവഹർ ഫൗണ്ടേഷൻ സെമിനാർ നടത്തും.

കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെല്ലാം ഈ തരത്തിൽ പ്രശ്നം ഉണ്ട്. മലപ്പുറം ഡിസിസിയിലെ സ്വീകരണം ഒഴിവാക്കി, ഡിസിസി സന്ദർശനം മാത്രമാക്കി. കണ്ണൂർ ഡിസിസിയിലെ പരിപാടിയിൽ നിന്ന് ഡിസിസി ഒഴിവാക്കി. കോൺഗ്രസും യൂത്ത് കോൺഗ്രസും പിന്മാറുമ്പോൾ ചെറിയ പോഷക സംഘടനകളെ ഉപയോഗിച്ചാണ് പരിപാടികൾ മുടങ്ങാതെ തരൂർ പക്ഷം നോക്കുന്നത്.

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗേയോട് മത്സരിച്ച തരൂരിന് കിട്ടിയത് 1072 വോട്ടായിരുന്നു. 100 വോട്ടെങ്കിലും കേരളത്തിൽ നിന്നാകാമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന കോൺഗ്രസിൽ തരൂരിന്റെ മുന്നോട്ട് പോക്ക്. കേരള നേതാക്കളിൽ നിന്ന് വ്യത്യസ്തമായി തരൂരിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എംകെ രാഘവനാണ് വരും ദിവസങ്ങളിൽ മലബാർ ജില്ലകളിൽ തരൂരിന്‍റെ പര്യടനം ഏകോപിപ്പിക്കുന്നത്. മുസ്ലിം ലീഗ് നേതൃത്വത്തെ തരൂര്‍ പാണക്കാട്ടെത്തി കാണും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week