ന്യൂഡൽഹി: നവകേരള യാത്രയ്ക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ചതടക്കമുള്ള സംഭവങ്ങളിൽ പ്രതിഷേധം പ്രസ്താവനകളിലൊതുക്കാതെ തെരുവിലിറങ്ങാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനു പാർട്ടി ഹൈക്കമാൻഡിന്റെ നിർദേശം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാനും ഡിവൈഎഫ്ഐക്കാരും തെരുവിൽ നേരിടുമ്പോൾ അതിനെതിരെ സംസ്ഥാന നേതൃത്വം നടത്തുന്ന പ്രതിഷേധങ്ങൾക്കു വീര്യം പോരെന്നു വിലയിരുത്തിയാണിത്.
ഇതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമായി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പാർലമെന്റിൽ ചർച്ച നടത്തി.
പൊലീസ് മേധാവിയുടെ ഓഫിസിലേക്കു പ്രകടനം നടത്തുന്നതടക്കം സംസ്ഥാനത്തെ ഉന്നത നേതാക്കൾ തെരുവിലിറങ്ങണമെന്നും പ്രസ്താവനകൾ മാത്രം പോരെന്നുമാണു ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വരെ തെരുവിൽ മർദനം നേരിടുമ്പോൾ അതിനെതിരെ സംസ്ഥാന നേതൃത്വത്തിൽ നിന്നുയരുന്ന പ്രതിഷേധ സ്വരത്തിനു മൂർച്ച പോരാ.
നവകേരള യാത്രയ്ക്കെതിരെ ജനവികാരമുയർത്താനും രാഷ്ട്രീയമായി അതിനെ നേരിടാനും ശക്തമായ പ്രതിഷേധ പരിപാടികൾ അനിവാര്യമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു പിന്തുണയുമായി സംസ്ഥാന നേതൃത്വം മുന്നിട്ടിറങ്ങണം. അതിനാവശ്യമായ സമരപരിപാടികൾക്കു രൂപം നൽകണമെന്നും വേണുഗോപാൽ നിർദേശിച്ചു.