തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഹൈക്കമാന്റ് പ്രതിനിധികളായ മല്ലികാര്‍ജുന ഖാര്‍ഗെ, വി. വൈത്തിലിംഗം എന്നിവരുടെ സാന്നിധ്യത്തിലാണ് 21 അംഗ നിയമസഭാകക്ഷി യോഗം.
രമേശ് ചെന്നിത്തലയുടെയും വി.ഡി സതീശന്റെയും പേരുകള്‍ സജീവ ചര്‍ച്ചയിലുണ്ട്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കാനില്ലെന്ന് എഐസിസിയെ അറിയിച്ചതോടെ പ്രതിപക്ഷ നേതാവായി തുടരാനുള്ള നീക്കത്തിലാണ് ചെന്നിത്തല. എന്നാല്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ തലമുറ മാറ്റം ആവശ്യപ്പെടുന്ന യുവനേതാക്കള്‍ ഉള്‍പ്പെടെ വി.ഡി സതീശന്റെ പേരാണ് ഉയര്‍ത്തി കാട്ടുന്നത്.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും പി.ടി തോമസിന്റെയും പേരുകള്‍ മുന്നോട്ട് വക്കുന്നുണ്ടെങ്കിലും പദവിക്കായി എ ഗ്രൂപ്പ് നിര്‍ബന്ധം പിടിക്കില്ലെന്നാണ് സൂചന. നിയമസഭാ കക്ഷി നേതൃസ്ഥാനത്തും സംഘടനാ തലപ്പത്തും നേതൃമാറ്റം വേണമെന്ന് ഇതിനോടകം പലരും ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി ഇടതുമുന്നണി പരീക്ഷണത്തിന് തയ്യാറാകുമ്പോള്‍ പ്രതിപക്ഷ നേതൃനിരയിലും പുതുമ വേണമെന്ന ചിന്ത ഹൈക്കമാന്റിന് ഉണ്ടെന്നാണ് സൂചന. ഗ്രൂപ്പ്, സാമുദായ സമവാക്യങ്ങള്‍ക്കപ്പുറം സംഘടനയെ ചലിപ്പിക്കാനും നഷ്ടപ്രതാപം വീണ്ടെടുക്കാനും ഉതകുന്നവിധത്തില്‍ കേരളത്തില്‍ പൊളിച്ചെഴുത്തിന് കേന്ദ്രനേതൃത്വം തയാറാകുമെന്നും സൂചനകളുണ്ട്.
എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല. ഇന്ന് 11 മണിക്ക് കെപിസിസി ആസ്ഥാനത്താണ് നിയമസഭാ കക്ഷി യോഗം ചേരുന്നത്. യോഗത്തില്‍ പങ്കെടുക്കുന്ന ഹൈക്കമാന്റ് നിരീക്ഷകര്‍ എംഎല്‍എമാരുമായി ഒറ്റക്ക് ചര്‍ച്ച നടത്തും. ചെന്നിത്തല പ്രതിപക്ഷ സ്ഥാനത്ത് തുടരണോ എന്ന കാര്യത്തില്‍ എംഎല്‍എമാരുടെ നിലപാട് നിര്‍ണായകമാകും.