തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പല വാർഡുകളിലും യുഡിഎഫിന്റേത് ദയനീയ പ്രകടനം. ശക്തമായ ത്രികോണ മത്സരം നടന്ന നെടുങ്കാട് വാർഡിൽ 74 വോട്ട് മാത്രമാണ് യുഡിഎഫിന് നേടാനായത്. 25 ഇടത്ത് മാത്രമാണ് യുഡിഎഫിന് രണ്ടാം സ്ഥാനത്തേക്ക് എത്താനായത്.
തിരുവനന്തപുരം കോർപ്പറേഷനിൽ സീറ്റുകളുടെ എണ്ണം 22-ൽ നിന്നും 10-ലേക്ക് കുത്തനെ ഇടിഞ്ഞത് മാത്രമല്ല പല വാർഡുകളിലും യുഡിഎഫ് നേരിട്ട തകർച്ച മറ്റു പാർട്ടികളെ പോലും അമ്പരിപ്പിക്കുന്നതാണ്. കിണവൂർ, ഹാർബർ , മാണിക്കവിളാകം, അമ്പലത്തറ വാർഡുകളിൽ യുഡിഎഫ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
എൽഡിഎഫിൻ്റെ മേയർ സ്ഥാനാർത്ഥി എസ് പുഷ്പലതയെ തോല്പിച്ച് ബിജെപിയിലെ കരമന അജിത് പിടിച്ചെടുത്ത നെടുങ്കാട് വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് വെറും 74 വോട്ടുകൾ മാത്രം. ഹാർബർ വാർഡിൽ യുഡിഎഫ് വിമതനായ നിസാമുദ്ദീൻ ജയിച്ചപ്പോൾ ഔദ്യോഗിക സ്ഥാനാർത്ഥി നാലാമതായി. കോട്ടപ്പുറത്ത് വിമതനായ പനിയടിമ ജയിച്ചപ്പോൾ ഔദ്യോഗിക സ്ഥാനർത്ഥി മൂന്നാമതായി. കാലടിയിൽ കോൺഗ്രസ് വിമതൻ രാജപ്പൻ നായർ രണ്ടാമതെത്തിയപ്പോൾ ഔദ്യോഗിക സ്ഥാനാർത്ഥി മൂന്നാമതെത്തി.
നന്തൻകോട് യുഡിഎഫ് സ്ഥാനാർത്ഥിയുടെ തോോൽവിക്ക് കാരണവും നാനൂറിലേറെ വോട്ട് നേടിയ വിമതസ്ഥാനാർത്ഥിയാണ്. കിണവൂരിൽ യുഡിഎഫ് തോൽവിക്ക് കാരണം പ്രാദേശിക കോൺഗ്രസ് നേതാക്കൾ കൂടി പിന്തുണച്ച തിരുവനന്തപുരം വികസനമുന്നേറ്റ സ്ഥാനാർത്ഥിയുടെ പ്രകടനമാണ്. 1026 വോട്ടുകളുമായി ഇവിടെ ടിവിഎം സ്ഥാനാർത്ഥി മൂന്നാമതായി.
മികച്ച വിജയത്തിനിടയിലും ഇടത് വാർഡായ നെട്ടയത്ത് സിപിഎം തോൽക്കാൻ കാരണം എൽഡിഎഫ് വിമതാനായ നല്ല പെരുമാൾ നേടിയ വോട്ടുകൾ. കിണവൂരൊഴികെ തിരുവനന്തപുരം വികസന മുന്നേറ്റ സമിതിക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ കാര്യമായ ചലനമുണ്ടാക്കാനായില്ല. നഗരസഭയിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം കവടിയാറിലാണ് രേഖപ്പെടുത്തിയത്. റീ കൗണ്ടിംഗ് നടന്നിട്ടും യുഡിഎഫ് സ്ഥാനാർത്ഥി സതികുമാരി ബിജെപിക്കെതിരെ ജയിച്ചത് ഒരു വോട്ടിന് മാത്രമാണ്.