ബെംഗളൂരു: കർണാടകത്തിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ശനിയാഴ്ച അധികാരമേൽക്കും. ഉച്ചയ്ക്ക് 12.30-ന് ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ ഗവർണർ താവർചന്ദ് ഗഹ്‍ലോതിന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. പത്തോളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. സിദ്ധരാമയ്യ 2013-ൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും കണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു. 25,000 ആളുകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാനാകും.
മന്ത്രിസഭയിലെ അംഗങ്ങളെ തീരുമാനിക്കാൻ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും വെള്ളിയാഴ്ച ഡൽഹിയിൽ ഹൈക്കമാൻഡുമായി ചർച്ച നടത്തി. ശിവകുമാറിനെ അനുകൂലിക്കുന്ന പത്തു പേർക്കും സിദ്ധരാമയ്യയെ അനുകൂലിക്കുന്ന പത്തു പേർക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചന.
മുതിർന്ന നേതാക്കളായ ഡോ. ജി. പരമേശ്വര, എം.ബി. പാട്ടീൽ, ദിനേശ് ഗുണ്ടുറാവു, ലക്ഷ്മൺ സാവദി തുടങ്ങിയവർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. ഈശ്വർ ഖന്ദ്രെ, ബി.കെ. ഹരിപ്രസാദ്, കെ.ജെ. ജോർജ്, സമീർ അഹമ്മദ്, യു.ടി. ഖാദർ, പ്രിയങ്ക് ഖാർഗെ, ലക്ഷ്മി ഹെബ്ബാൾക്കർ, കൃഷ്ണ ബൈരെഗൗഡ, മധു ബംഗാരപ്പ, ടി.ബി. ജയചന്ദ്ര, കെ.എച്ച്. മുനിയപ്പ തുടങ്ങിയവരും ആദ്യഘട്ടത്തിൽ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന.
മന്ത്രിമാരുടെ വകുപ്പുകളുടെ പട്ടിക മുഖ്യമന്ത്രി ഗവർണർക്ക് കൈമാറും. മുഖ്യമന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണറാണ് വകുപ്പുകൾ അനുവദിക്കുന്നത്. ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് ഡി.കെ. ശിവകുമാർ അറിയിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങ് ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിനുള്ള വേദിയാക്കാനുള്ള ലക്ഷ്യത്തോടെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സത്യപ്രതിജ്ഞാ ചടങ്ങിനെത്തില്ല.
പകരം തൃണമൂൽ കോൺഗ്രസ് എം.പി. കാകോലി ദസ്തിദാറിനെ ചുമതലപ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മറ്റ് പ്രതിപക്ഷ നേതാക്കളായ മെഹ്ബൂബ മുഫ്തി, ഡി. രാജ, സീതാറാം യെച്ചൂരി, കമൽ ഹാസൻ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്, ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു എന്നിവരും പങ്കെടുക്കും. അതേസമയം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി, ബി.എസ്.പി. നേതാവ് മായാവതി എന്നിവർക്ക് ക്ഷണമില്ല.