തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ സംഘര്‍ഷം. മേയറുടെ ചേംബറില്‍ കയറി ബജറ്റ് അവതരണം പ്രതിപക്ഷ അംഗങ്ങള്‍ തടസപ്പെടുത്തി. കോണ്‍ഗ്രസ് ബജറ്റ് കീറിയെറിഞ്ഞു. പിന്നാലെ ഇരുപക്ഷവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ 2022- 23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം. കൗണ്‍സില്‍ യോഗം കൂടിയ ഉടന്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി ഹാളിലേക്ക് ഇറങ്ങി. മേയറുടെ ചേമ്പറില്‍ കയറിയാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
പിന്നാലെ ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ ഉന്തും തള്ളുമായി. അമൃതം മാസ്റ്റര്‍ പ്ലാന്‍ കരട് കൗണ്‍സില്‍ അറിയാതെ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു എന്നാരോപിച്ച് പ്രതിപക്ഷനേതാവ് രാജന്‍ പല്ലനാണ് തടസവാദം ഉന്നയിച്ചത്. അവിശ്വാസം പരാജയപ്പെട്ട ശേഷം ഭരണപക്ഷത്തിനെതിരെ നിലപാട് ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.