NationalNews

കശ്മീർ വിധി: ആദരപൂർവ്വം വിയോജിക്കുന്നുതായി കോൺഗ്രസ്

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച സുപ്രീംകോടതി വിധിയോട് ആദരപൂര്‍വ്വം വിയോജിക്കുന്നുവെന്ന് കോണ്‍ഗ്രസ് എം.പിയും മുതിര്‍ന്ന നേതാവുമായ പി.ചിദംബരം. ജമ്മുകശ്മീരിന് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്നാണ് എക്കാലത്തും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ആര്‍ട്ടിക്കിള്‍ 370 കര്‍ശനമായി ഭേദഗതി ചെയ്യുന്നതുവരെ അതിനെ മാനിക്കണമെന്ന സി.ഡബ്ല്യൂ.സി പ്രമേയം ഞങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. പലതിലും സുപ്രീംകോടതി തീരുമാനമെടുത്തെങ്കിലും മറ്റുപലതിലും തീരുമാനമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കുന്ന നടപടി ഭാവിയിലും ഉണ്ടായേക്കാം. എന്നാല്‍ ഈ വിഷയത്തില്‍ സുപ്രീംകോടതി തീരുമാനമെടുക്കാത്തതില്‍ നിരാശയുണ്ട്. അതേസമയം, കശ്മീരിന് എത്രയുംപെട്ടെന്ന് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും സംസ്ഥാനത്ത് വേഗത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചിദംബരം വ്യക്തമാക്കി.

ജമ്മുകശ്മീരിലെ ജനങ്ങള്‍ക്കുവേണ്ടത് ഏകാധിപത്യമല്ല, മറിച്ച് ജനാധിപത്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങവി പറഞ്ഞു. 2014നുശേഷം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടാത്ത സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. ബി.ജെ.പി എന്തിനാണ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍വരുന്ന സര്‍ക്കാരിനെ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ നടപടി ശരിവെച്ച സുപ്രീംകോടതി,
കശ്മീരിന് പ്രത്യേകപദവി അവകാശപ്പെടാനാകില്ലെന്നും രാഷ്ട്രപതിഭരണസമയത്ത് പാര്‍ലമെന്റിന് തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥയാണെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദചൂഢ് നിരീക്ഷിച്ചു. ജമ്മു കശ്മീരില്‍ 2024 സെപ്റ്റംബര്‍ 30-നകം തിരഞ്ഞെടുപ്പ് നടത്തണമെന്നും സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ 16 ദിവസം വാദം കേട്ടശേഷമാണ് കോടതി വിധി പറഞ്ഞത്‌. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യ കാന്ത് എന്നിവരടങ്ങിയതാണ് അഞ്ചംഗ ഭരണഘടനാബെഞ്ച്. 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button