KeralaNews

ധര്‍മ്മടത്ത് കെ സുധാകരന്‍ മത്സരിക്കണം; സോണിയാ ഗാന്ധിയ്ക്ക് ഇ മെയില്‍ പ്രവാഹം

ന്യൂഡല്‍ഹി: ധര്‍മ്മടം മണ്ഡലത്തില്‍ കെ. സുധാകരന്‍ മത്സരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. ധര്‍മ്മടത്ത് കെ. സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇ -മെയില്‍ പ്രവാഹമാണ്.

കെ.സുധാകരന്‍ മത്സരിക്കണമെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതു വികാരമാണെന്ന് ഡിസിസി നേതാവ് മമ്പറം ദിവാകരനും പ്രതികരിച്ചു. ധര്‍മ്മടം സീറ്റ് വേണ്ടെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് നേരത്തെ തന്നെ അറിയിച്ചിരുന്നു. വിഷയത്തില്‍ ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ധര്‍മ്മടത്ത് കെ. സുധാകരന്‍ മത്സരിച്ചാല്‍ അത് ജയത്തിലേക്ക് എത്തുമെന്നാണ് പ്രവര്‍ത്തകരുടെ വാദം. ധര്‍മ്മടം മണ്ഡലത്തിലെ ചില പഞ്ചായത്തുകളില്‍ ഭരണം നേടാന്‍ കോണ്‍ഗ്രസിനായിട്ടുണ്ട്. അതിനാല്‍ കെ. സുധാകരനെപ്പോലെയുള്ള ഒരു നേതാവ് മത്സരിച്ചാല്‍ അത് ശക്തമായ മത്സരത്തിലേക്ക് എത്തിക്കുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.

അതേസമയം,ധര്‍മ്മടത്ത് മത്സരിക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശം ഫോര്‍വേര്‍ഡ് ബ്ലോക്ക് തള്ളി. ധര്‍മ്മടത്തിന് പകരം മറ്റൊരു സീറ്റ് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ പാര്‍ട്ടി ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചു. ഫോര്‍വേര്‍ഡ് ബ്ലോക്കിന് നിലവില്‍ ധര്‍മ്മടം മണ്ഡലമാണ് കോണ്‍ഗ്രസ് അനുവദിച്ചിരിക്കുന്നത്. ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ ദേശീയ ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ ഇവിടെ മത്സരിക്കണമെന്നും കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിലവില്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്നാണ് ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ തീരുമാനം.

നേരത്തെ തന്നെ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ചാത്തന്നൂര്‍ അടക്കമുള്ള ചില മണ്ഡലങ്ങള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അവസാനം ഇക്കാര്യത്തില്‍ മാറ്റമുണ്ടായി. അതിനാല്‍ മറ്റേതെങ്കിലും സീറ്റ് അനുവദിക്കണമെന്നാണ് ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button