തിരുവനന്തപുരം: കായംകുളം സ്വദേശിനി ആൽഫിയയും കോവളം സ്വദേശി അഖിലും വിവാഹിതരായി. ക്ഷേത്രത്തിനുള്ളിൽ വിവാഹത്തിനൊരുങ്ങി നിന്ന ആൽഫിയയെ ചടങ്ങിനു തൊട്ടു മുൻപു കായംകുളം പൊലീസ് ബലമായി പിടിച്ചു കൊണ്ടുപോയ സംഭവം വിവാദമായിരുന്നു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ ആൽഫിയയെ സ്വന്തം ഇഷ്ടപ്രകാരം അഖിലിനൊപ്പം അയയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കോവളത്തെ ക്ഷേത്രത്തിലായിരുന്നു വിവാഹം.
ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും അടുപ്പത്തിലായത്. വിവാഹത്തിനുള്ള തയാറെടുപ്പിനിടെ ക്ഷേത്രത്തിലെത്തിയ പൊലീസ് പെൺകുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതി ഉയർന്നിരുന്നു. പൊലീസ് നടപടി ക്ഷേത്രാചാര മര്യാദകൾ ലംഘിച്ചാണെന്ന് ആരോപിച്ചു ക്ഷേത്ര ഭാരവാഹികൾ കോവളം പൊലീസിനു പരാതി നൽകിയിരുന്നു. പൊലീസ് നടപടിക്കെതിരെ വരന്റെ പിതാവും കോവളം പൊലീസിൽ പരാതി നൽകി. ഇതിനു ശേഷം യുവതിയെ കായംകുളത്തെ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി.
സ്വന്തം ഇഷ്ടപ്രകാരമാണു യുവാവിനൊപ്പം പോയതെന്നും അദ്ദേഹത്തോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. കോടതി അനുമതി നൽകിയതോടെ പെൺകുട്ടി വീണ്ടും കോവളത്തെ അഖിലിന്റെ വീട്ടിലെത്തി. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇവരെ കോടതിയിൽ ഹാജരാക്കിയതെന്നു പൊലീസ് അറിയിച്ചു.