തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തില്‍ പ്രതികരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍. ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് താന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞു. കത്ത് തയ്യാറാക്കുകയോ താന്‍ ഒപ്പിടുകയോ ചെയ്തിട്ടില്ല. കത്ത് ആരാണുണ്ടാക്കിയതെന്നും ഷെയര്‍ ചെയ്തതെന്നും അന്വേഷിക്കണം.
മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. കത്തിന്‍റെ ഉറവിടം അന്വേഷിക്കണം. ലെറ്റര്‍ പാഡ് വ്യാജമാണോയെന്നും അന്വേഷിക്കണം. നിയമനത്തിന് കത്ത് നല്‍കുന്ന രീതി സിപിഎമ്മിനില്ല. ഓഫീസ് ജീവനക്കാരെ സംശയിക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു.
ആരോഗ്യമേഖലയിലെ ഒഴിവുകളിലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ടാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യാ രാജേന്ദ്രന്‍റെ ലെറ്റര്‍പാഡിൽ നിന്ന് കത്ത് പോയത്. മേയറുടെ ലെറ്റര്‍പാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് മെഡിക്കൽ കോളേജ് വാര്‍ഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്.
കോര്‍പറേഷന് കീഴിലെ അര്‍ബൻ പ്രൈമറി ഹെൽത്ത് സെൻ്ററുകളില്‍ 295 ഒഴിവുണ്ട്. ഡോക്ടര്‍മാര്‍ അടക്കം ഒമ്പത് തസ്തികകളിൽ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ നൽകണം. ഉദ്യോഗാര്‍ത്ഥികളുടെ മുൻഗണന പട്ടിക ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നുമാണ് പ്രചരിക്കുന്ന കത്തിലുള്ളത്. എന്നാല്‍ കത്തിന്‍റെ സീരിയൽ നമ്പറിലും ഒപ്പിലും വ്യക്തതയില്ല.