കല്പറ്റ: വയനാട്ടിലെ വിവിധ സ്ഥലങ്ങളിലുണ്ടായ പ്രകമ്പനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ദേശീയ സീസ്മോളജി സെന്റര്‍ വിദഗ്ധര്‍. പ്രകമ്പനം അനുഭവപ്പെട്ട പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറിനില്‍ക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. അതേസമയം, അനുഭവപ്പെട്ട പ്രകമ്പനും ഭൂചലമല്ലെന്ന് ദേശീയ സീസ്മോളജി സെന്റര്‍ ഡയറക്ടര്‍ ഒ.പി. മിശ്ര അറിയിച്ചു.
'കേരളത്തിനും പരിസരത്തും സ്ഥാപിച്ച ഭൂകമ്പമാപിനികളില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. മുകള്‍നിലയില്‍നിന്ന് താഴ്ന്ന നിലയിലേക്ക് പാറക്കൂട്ടങ്ങള്‍ മാറിയതാവാം പ്രകമ്പനത്തിന് കാരണം. ഇത് വളരെ പ്രാദേശികമായ പ്രതിഭാസമാണ്. ഉരുള്‍പൊട്ടലുണ്ടായ ഇടങ്ങളില്‍ സ്വാഭാവികമാണത്', അദ്ദേഹം പറഞ്ഞു.
വെങ്ങപ്പള്ളി വില്ലേജില്‍ കാരാറ്റപ്പടി, മൈലാടിപ്പടി, ചോലപ്പുറം, തെക്കുംതറ എന്നീ പ്രദേശങ്ങളിലും നേന്മേനി വില്ലേജിലെ പടിപറമ്പ്, അമ്പുകുത്തി, അമ്പലവയല്‍ റീജിയണല്‍ അഗ്രികള്‍ച്ചര്‍ റിസേര്‍ച്ച് സ്റ്റേഷന്‍ എന്നീ ഭാഗങ്ങളിലും വൈത്തിരി താലൂക്കിന് കീഴില്‍ പൊഴുതന വില്ലേജില്‍ ഉള്‍പ്പെടുന്ന സുഗന്ധഗിരി എന്ന പ്രദേശത്തും അച്ചൂരാന്‍ വില്ലേജ് ഉള്‍പ്പെടുന്ന സേട്ടു കുന്ന് എന്ന് പ്രദേശത്തും വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു.