തിരുവനന്തപുരം: ചികിത്സാപിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് ആരോപിച്ച് സ്വകാര്യ ആശുപത്രിക്കെതിരെ പ്രതിഷേധം. അരുവിക്കര സ്വദേശി അഖിൽ മോഹൻ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചിട്ടും ചികിത്സ നൽകാൻ വൈകിയതിനെ തുടർന്ന് അഖിൽ മരിച്ചുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. തിരുവനന്തപുരം എസ്.കെ ഹോസ്പിറ്റലിനെതിരെയാണ് പരാതി.
ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുമണിക്കൂറോളം ചികിത്സ നൽകാതെ വൈകിപ്പിച്ചു. ആൻജിയോഗ്രാം ചെയ്യാൻ തയ്യാറായില്ല. അവസാനം പെട്ടെന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് മണിക്കൂറുകൾക്ക് ശേഷം ആവശ്യപ്പെട്ടപ്പോഴേക്കും അഖിൽ മരണത്തിന് കീഴടങ്ങിയെന്നാണ് വിവരം. സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
നെഞ്ച് വേദനയെ തുടർന്ന് ആദ്യം മെഡിക്കൽ കോളേജിലേക്കാണ് അഖിലിനെ കൊണ്ടുപോയത്. എന്നാൽ, ഐസിയുവിലും വാർഡിലും കിടക്ക ഇല്ലാത്തതിനെ തുടർന്ന് ആവിടുന്ന് പറഞ്ഞതനുസരിച്ചാണ് അഖിലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഉടനെ ആൻജിയോഗ്രാം ചെയ്യണമെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ അതിന് തയ്യാറായില്ല. ആശുപത്രിയിലെ ആൻജിയോഗ്രാം മെഷിൻ തകരാറിലായിരുന്നുവെന്നത് മറച്ചുവെച്ചുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.