CrimeEntertainmentKeralaNews

ശ്രീനാഥ് ഭാസിക്കെതിരായ പരാതി ഒത്തുതീർന്നു; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കും

കൊച്ചി: ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി പിൻവലിക്കുന്നു. ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. ഇന്നുതന്നെ ഹൈക്കോടതിയിൽ ഹ‍ർജി നൽകും. പരാതിയുമായി ബന്ധപ്പെട്ട് ഇരു കക്ഷികളും ഒത്തുതീർപ്പിലെത്തിയ സാഹചര്യത്തിലാണ് ഇത്. 

അഭിമുഖത്തിനിടെ, അവതാരകയെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതിയിൽ പൊലീസ് നേരത്തെ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കല്‍)  294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് കൊച്ചി മരട് പൊലീസ് രേഖപ്പെടുത്തിയത്. നടനെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.

മാധ്യമ പ്രവർത്തകയുടെ പരാതിയിൽ സിനിമ നിർമാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ അനിശ്ചിതകാലത്തേക്ക് സിനിമയിൽ നിന്ന് വിലക്കുകയും ചെയ്തു. ഇതിനിടെ ശ്രീനാഥ് തെറ്റ് ഏറ്റുപറഞ്ഞ് പലവട്ടം മാപ്പ് അപേക്ഷിച്ചതോടെയാണ് പരാതി പിൻവലിക്കാൻ ഓൺലൈൻ മാധ്യമപ്രവർത്തക തീരുമാനം എടുത്തതും. പൊലീസിൽ നൽകിയ പരാതി പിൻവലിച്ചാലും ശ്രീനാഥ് ഭാസിക്കെതിരെ സിനിമയിൽ പ്രഖ്യാപിച്ച വിലക്ക് തുടരുമെന്ന് സിനിമ സംഘടനകൾ വ്യക്തമാക്കി.

സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മരടിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെ ആയിരുന്നു സംഭവം. പരാതിക്കാരിയുടെയും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരുടെയും ഹോട്ടൽ ജീവനക്കാരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അഭിമുഖം നടന്ന മുറിയിൽ സിസിടിവി ക്യാമറ ഉണ്ടായിരുന്നില്ല. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ഓൺലൈൻ ചാനൽ റിക്കോർഡ് ചെയ്ത അഭിമുഖവും ‌പരിശോധിച്ചു. നടൻ അപമാനിച്ചെന്ന് അവതാരക ഒരാഴ്ച മുൻപാണു പരാതി നൽകിയത്. സംസ്ഥാന വനിതാ കമ്മിഷനിലും നടനെതിരെ പരാതി നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button