KeralaNews

ജഡ്ജി നിയമനം; കേരള ഹൈക്കോടതി കൊളീജിയത്തില്‍ ഭിന്നത

കൊച്ചി: ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍ നിന്നുള്ള ഹൈക്കോടതി ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി കൊളീജിയത്തില്‍ ഭിന്നത. ചില നിയമന ശുപാര്‍ശയില്‍ അംഗങ്ങള്‍ക്കിടയില്‍ വിയോജിപ്പുണ്ടായതിനെ തുടര്‍ന്ന് രണ്ട് പട്ടികയാണ് സുപ്രീം കോടതി കൊളീജിയത്തിന് നല്‍കിയത്.

ഹൈകോടതി കൊളീജിയത്തിലെ അംഗങ്ങളായ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് എസ് വി ഭട്ടി എന്നിവര്‍ നല്‍കിയ പട്ടികയും ഇവരില്‍ രണ്ട് പേരുടെ നിയമനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ നല്‍കിയ മറ്റൊരു പട്ടികയുമാണ് കേരളത്തില്‍ നിന്ന് അയച്ചത്. ജസ്റ്റിസ് വിനോദ് ചന്ദ്രനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത് പട്ടിക അയച്ച ശേഷമാണ്. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം മാര്‍ച്ച് 17നാണ് ഹൈകോടതി കൊളീജിയം യോഗം ചേര്‍ന്നത്.

ജുഡീഷ്യല്‍ ഓഫിസര്‍മാരില്‍നിന്നുള്ള ഏഴ് ഒഴിവിലേക്ക് നിയമിക്കേണ്ടവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യാനായിരുന്നു യോഗം. കൊളീജിയം അംഗങ്ങളായ ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഭട്ടിയും അംഗീകരിച്ച ലിസ്റ്റില്‍ എംബി സ്നേഹലത (കണ്ണൂര്‍ പ്രിന്‍സിപ്പല്‍ ജില്ല ജഡ്‌ജി), പിജെ വിന്‍സെന്‍റ് (ഹൈകോടതിയിലെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി), സി കൃഷ്‌ണകുമാര്‍ (കാസര്‍കോട് പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജി), ജോണ്‍സണ്‍ ജോണ്‍ (കല്‍പറ്റ പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജി), ജി ഗിരീഷ് (തലശ്ശേരി പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജി), സി പ്രദീപ് കുമാര്‍ (എറണാകുളം അഡീ. ജില്ല ജഡ്‌ജി), പി കൃഷ്‌ണകുമാര്‍ (ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍) എന്നീ പേരുകളാണുള്ളത്.

എന്നാല്‍ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ലിസ്റ്റിലുള്ള പിജെ വിന്‍സെന്‍റ്, സി കൃഷ്‌ണകുമാര്‍ എന്നിവരെ ഒഴിവാക്കി. പകരം കെവി ജയകുമാര്‍ (ഹൈകോടതി വിജിലന്‍സ് രജിസ്ട്രാര്‍), പി സെയ്‌തലവി (മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്‌ജി) എന്നിവരെ ഉള്‍പ്പെടുത്തി. രണ്ടുപേരെ ഒഴിവാക്കാനുള്ള കാരണങ്ങളും ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button