തിരുവനന്തപുരം: ജനുവരി നാലു മുതല്‍ സംസ്ഥാനത്തെ കോളജുകളില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, ലോ, മ്യൂസിക്, ഫൈന്‍ ആര്‍ട്‌സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, പോളിടെക്‌നിക് കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ ബിരുദ കോഴ്‌സിന് അഞ്ച്, ആറ് സെമസ്റ്ററുകള്‍ക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്‌സുകളുടെ ക്ലാസുകളും നാലിനുതന്നെ ആരംഭിക്കും.
കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകളുണ്ടാവുക. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവര്‍ത്തിക്കുക. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസില്‍ അനുവദിക്കുക. ശനിയാഴ്ചകളിലും ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. ലബോറട്ടറി സെഷനുകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനാകാത്ത മറ്റ് മേഖലകള്‍ എന്നിവയ്ക്കായിരിക്കും പ്രാധാന്യം നല്‍കുക.
ക്ലാസുകള്‍ ആരംഭിച്ച് പത്ത് ദിവസത്തിനുശേഷം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍മാര്‍ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കോ ബന്ധപ്പെട്ട സര്‍വകലാശാലകള്‍ക്കോ നല്‍കണം. ഇതനുസരിച്ചാകും മറ്റ് സെമസ്റ്ററുകളുടെ ക്ലാസുകള്‍ ആരംഭിക്കുക.