തിരുവനന്തപുരം:ചില കൂടിക്കാഴ്ചകളുടെ ചിത്രങ്ങള്‍ പലപ്പോഴും കൗതുകം സമ്മാനിക്കുന്ന ഒന്നാണ്. അത്തരത്തില്‍ ഒരു ചിത്രം സമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് പാലക്കാട് ജില്ലാ കളക്ടർ എസ് ചിത്ര. ഒപ്പമുള്ള 12 പേരും സാധാരണക്കാരല്ലെന്നത് തന്നെയാണ് ചിത്രത്തിന്‍റെ വലിയ പ്രത്യേകത.
തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ്, അഫ്‌സാന പെര്‍വീണ്‍ (കൊല്ലം), ദിവ്യ എസ് അയ്യര്‍ (പത്തനംതിട്ട), ഹരിത വി. കുമാര്‍ (ആലപ്പുഴ), വിഗ്‌നേശ്വരി (കോട്ടയം), ഷീബ ജോര്‍ജ്ജ് (ഇടുക്കി), എന്‍.എസ്.കെ ഉമേഷ് (എറണാകുളം), വിആര്‍ കൃഷ്ണ തേജ (തൃശ്ശൂര്‍), വിആര്‍ പ്രേംകുമാര്‍ (മലപ്പുറം), ഗീത (കോഴിക്കോട്), എസ്. ചന്ദ്രശേഖര്‍ (കണ്ണൂര്‍), കെ ഇൻപശേഖരൻ (കാസര്‍ഗോഡ്) എന്നിവരാണ് ഒപ്പം പോസ് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ 13 ജില്ലകളുടെ ഭരണയന്ത്രം ചലിപ്പിക്കുന്നവര്‍ ഒരുമിച്ചുള്ള ആ സെൽഫിയില്‍ വയനാട് ജില്ലാ കളക്ടർ രേണു രാജിന്റെ അസാന്നിധ്യം ശ്രദ്ധേയമാണ്. സംസ്ഥാനത്തെ മന്ത്രിമാര്‍ പലപ്പോഴും പൊതു പരിപാടികളിലായും അല്ലാതെയും ഒരുമിച്ച് കൂടാറുണ്ട്. എന്നാല്‍ ജില്ലകളുടെ ഭരണം നിര്‍വ്വഹിക്കുന്ന കളക്ടര്‍മാരെ ഒരുമിച്ച് കിട്ടുകയെന്നത് അപൂര്‍വ്വമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേതൃത്വത്തില്‍ 2024 ലോക് സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ശില്‍പശാലയ്ക്കിടെയാണ് കളക്ടര്‍മാര്‍ ഒത്തു ചേര്‍ന്നത്. ഫസ്റ്റ് ലെവല്‍ ചെക്കിങ് (എഫ്എല്‍സി) വര്‍ക്ക്‌ഷോപ്പായി സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഐഎഎസ് നിര്‍വഹിച്ചു. പീച്ചി കെ എഫ് ആര്‍ ഐ യില്‍ നടന്ന ശില്പശാലയില്‍ കേരളത്തിലെയും ലക്ഷദ്വീപിലെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന ഉദ്യോഗസ്ഥരാണ് പങ്കെടുത്തത് കളക്ടര്‍മാര്‍ക്ക് പുറമേ ഡെപ്യൂട്ടി കളക്ടര്‍മാരും പരിപാടിയുടെ ഭാഗമായി.