News

വരനേയും വധുവിനേയും കൈയ്യേറ്റം ചെയ്തു, ബന്ധുക്കളെ പിടിച്ചുതള്ളി; കര്‍ഫ്യൂവിന്റെ പേരില്‍ വിവാഹ പാര്‍ട്ടിയില്‍ അഴിഞ്ഞാടി ജില്ലാ കളക്ടര്‍

അഗര്‍ത്തല: ത്രിപുരയില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവിന്റെ പേരില്‍ വിവാഹ പാര്‍ട്ടി അലങ്കോലമാക്കി ജില്ലാ കളക്ടറുടെ ഷോ. വരനേയും വധുവിന്റേതടക്കമുള്ള ബന്ധുക്കളേയും കൈയ്യേറ്റം ചെയ്യുകയും തള്ളിയിടുകയും പിന്നീട് സിനിമാസ്‌റ്റൈലില്‍ അറസ്റ്റ് ചെയ്യുകയും ചെയ്താണ് കളക്ടര്‍ വിവാദപുരുഷനായത്. മാണിക്യ കോര്‍ട്ടില്‍ നടന്ന വിവാഹത്തിലായിരുന്നു കളക്ടറുടെ നേതൃത്വത്തില്‍ പോലീസിന്റെ ഇരച്ചുകയറ്റവും അക്രമവും ഉണ്ടായത്. വെസ്റ്റ് ത്രിപുര ജില്ലാ മജിസ്ട്രേറ്റായ ശൈലേഷ് കുമാര്‍ യാദവാണ് വിവാദത്തിന് പിന്നില്‍.

സംഭവത്തിന്റെ വീഡിയോ പുറത്താകുകയും സംഭവം വിവാദമാവുകയും ചെയ്തതോടെ കളക്ടര്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. ആരുടേയും വികാരങ്ങളെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ക്ഷമ ചോദിക്കുന്നതായും ശൈലേഷ് കുമാര്‍ മാപ്പ് അപേക്ഷയില്‍ പറഞ്ഞു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ ചീഫ് സെക്രട്ടറി മനോജ് കുമാറിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടര്‍ മാപ്പ് പറഞ്ഞ് തടിയൂരിയത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അഗര്‍ത്തല മുനിസിപ്പല്‍ കൗണ്‍സില്‍ പരിധിയില്‍ രാത്രി പത്ത് മണി മുതല്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ രാത്രി നടന്ന വിവാഹ ചടങ്ങ് കര്‍ഫ്യൂ ലംഘിച്ചാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് കളക്ടര്‍ റെയ്ഡ് നടത്തിയത്.

കളക്ടര്‍ വരനേയും വിവാഹത്തിനെത്തിയ അതിഥികളേയും കൈയേറ്റം ചെയ്യുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ഇതിനിടെ വിവാഹത്തിന് അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയ കത്ത് ബന്ധുക്കള്‍ കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ കളക്ടര്‍ അത് വാങ്ങി വലിച്ചെറിയുന്നതും വീഡിയോയിലുണ്ട്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സര്‍ക്കാരിനെതിരെ ജനരോഷവും ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

വിവാഹത്തിന് വാങ്ങിയ അനുമതി പത്രവും മറ്റു രേഖകളും വരന്റെ സഹോദരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മുപ്പതോളം ആളുകളേയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ പിന്നീട് വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button