കൊച്ചി: കാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവത്തിനൊരുങ്ങി കൊച്ചി സര്‍വ്വകലാശാല. കോശങ്ങളെ തിരഞ്ഞു കണ്ടുപിടിച്ച് നശിപ്പിക്കുന്ന ചികിത്സാ രീതിയാണ് ഇവര്‍ വികസിപ്പിച്ചത്. കാന്‍സര്‍ കോശങ്ങളെ അതിസൂക്ഷ്മ കാന്തിക കണങ്ങള്‍ ഉപയോഗിച്ച് കരിച്ചു കളയുന്ന രീതിയാണ് മാഗ്‌നെറ്റിക് ഹൈപ്പര്‍ തെര്‍മിയ ചികിത്സാരീതി.
ഇത് കൂടുതല്‍ എളുപ്പമാക്കുന്ന ചികിത്സാ രീതിയാണ് കൊച്ചിസര്‍വകലാശാലയിലെ ഗവേഷക സംഘം വികസിപ്പിച്ചത്. പുതിയ രീതിക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന് ഗവേഷക സംഘം അവകാശപ്പെട്ടു. ഡോക്ടര്‍ ജി.എസ് ഷൈലജയുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. കാന്‍സര്‍ കോശ പാളികളെ അടര്‍ത്തിമാറ്റുന്ന സങ്കീര്‍ണ പ്രക്രിയ എളുപ്പമാക്കുകയാണ് പുതിയ രീതിയുടെ ലക്ഷ്യം.
ലാബുകളിലെ കാന്‍സര്‍ കോശങ്ങളില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടു. മൃഗങ്ങളിലുള്ള പരീക്ഷണങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് ഗവേഷകര്‍ പറഞ്ഞു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങ് റിസര്‍ച്ച് ബോര്‍ഡാണ് ഗവേഷണ പദ്ധതിക്ക് ധനസഹായം നല്‍കുന്നത്. അവസാനവട്ട പരീക്ഷണങ്ങള്‍ കൂടി വിജയിച്ചാല്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് ഇന്ത്യ നല്‍കുന്ന വലിയ സംഭാവനയായി പുതിയ ചികിത്സാ രീതി മാറുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.