24.6 C
Kottayam
Sunday, May 19, 2024

കൊവിഡ് മരുന്നിന്റെ രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് കൊച്ചിയില്‍ നിന്നുള്ള കമ്പനിക്ക് അനുമതി

Must read

കൊച്ചി: കൊവിഡ് ചികിത്സയ്ക്കുള്ള രണ്ടാംഘട്ട ക്ലിനിക്കല്‍ മരുന്നു പരീക്ഷണത്തിന് കൊച്ചിയില്‍ നിന്നുള്ള കമ്പനിക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. പിഎന്‍ബി വെസ്പര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് അനുമതി ലഭിച്ചത്. 60 ദിവസത്തിനുള്ളില്‍ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുമെന്നു പിഎന്‍ബി വെസ്പര്‍ സിഇഒ പി.എന്‍.ബലറാം പറഞ്ഞു.

ലോകത്താദ്യമായാണ് പുതിയൊരു ക്ലിനിക്കല്‍ മരുന്നിന് കൊവിഡ് പരീക്ഷണാനുമതി ലഭിക്കുന്നത്. പിഎന്‍ബി വെസ്പര്‍ ലൈഫ് സയന്‍സ് കമ്പനിയുടെ പിഎന്‍ബി 001 എന്ന മരുന്നിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ കൊവിഡ് രോഗികളില്‍ ഫലം കണ്ടതോടെയാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. സ്മോള്‍ സെല്‍ ലങ് കാന്‍സറിനായി നിര്‍മിച്ചെടുത്ത രാസസംയുക്തം ശാസ്ത്രീയമായി കൊവിഡ് രോഗികളില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് പരീക്ഷണങ്ങള്‍. ഇത് വിജയിച്ചാല്‍ ലോകത്തിലാദ്യമായി കൊവിഡിനെതിരായ മരുന്ന് ഇന്ത്യയില്‍ നിന്നാകുമെന്ന് പിഎന്‍ബി വെസ്പര്‍ സിഇഒ പി.എന്‍.ബലറാം പറയുന്നു.

നിലവില്‍ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളേക്കാള്‍ ഗുണകരമാണ് പിഎന്‍ബി 001 എന്ന് തെളിഞ്ഞിട്ടുണ്ട്. കൊവിഡ് ബാധിതരിലെ പനി, ശരീര വേദന, ശ്വാസകോശ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ ഇതു സഹായകമാണ്. പൈറെക്സിയ പഠനങ്ങളില്‍ ആസ്പിരിനേക്കാള്‍ 20 മടങ്ങ് ശക്തമാണ് പിഎന്‍ബി 001 എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതായി കമ്പനി അവകാശ പ്പെടുന്നു.

74 പേരില്‍ ആദ്യഘട്ട പരീക്ഷണം നടത്തി കഴിഞ്ഞു. പുണെ ബിഎംജി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള, നിലവില്‍ ഓക്സിജന്റെ സഹായത്തോടെ കഴിയുന്ന 40 പേരിലാണ് രണ്ടും മൂന്നും ഘട്ടങ്ങളിലെ മരുന്ന് പരീക്ഷണം. സമാന്തര പരീക്ഷണങ്ങള്‍ കമ്പനിയുടെ നേതൃത്വത്തില്‍ യുകെയിലും പുരോഗമിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week