കൊച്ചി മെട്രോ ഇന്നു മുതല്‍ തൈക്കൂടത്തേക്ക്
കൊച്ചി: കൊച്ചി മെട്രോ ഇന്നു മുതല്‍ തൈക്കൂടത്തേക്കു യാത്ര തുടങ്ങും. മഹാരാജാസ് കോളജ് മുതല്‍ തൈക്കൂടം വരെ 5.65 കിലോമീറ്റര്‍ ദൂരത്തേക്കു കൂടിയാണ് മെട്രോ ഓടിത്തുടങ്ങുന്നത്. ഇന്നു രാവിലെ 11ന് മഹാരാജാസ് സ്റ്റേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ പാതയിലെ സര്‍വീസിനു പച്ചക്കൊടി വീശും. രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി അധ്യക്ഷനാവും.
പേട്ട-എസ്എന്‍ ജംഗ്ഷന്‍ മെട്രോ പാതയുടെയും കൊച്ചി വാട്ടര്‍ മെട്രൊയുടെ ആദ്യ ടെര്‍മിനലിന്റെയും നിര്‍മാണോദ്ഘാടനവും നടക്കും. മന്ത്രി എ.കെ. ശശീന്ദ്രന്‍, ഹൈബി ഈഡന്‍ എംപി, മേയര്‍ സൗമിനി ജെയിന്‍ തുടങ്ങിയവരും പങ്കെടുക്കും. തുടര്‍ന്നു മുഖ്യാതിഥികളെയും വഹിച്ചു മെട്രോ ട്രെയിന്‍ തൈക്കൂടത്തേക്ക് ആദ്യ സര്‍വീസ് നടത്തും. ഉച്ചകഴിഞ്ഞു രണ്ടിന് മന്ത്രി കെ.കെ. ശൈലജക്കൊപ്പം നഴ്‌സുമാരും തുടര്‍ന്നു വൃദ്ധസദനങ്ങളിലെ അന്തേവാസികളും ആദ്യദിനത്തിലെ മെട്രോ സര്‍വീസിന്റെ ഭാഗമാവും. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നീ അഞ്ചു മെട്രോ സ്റ്റേഷനുകളാണ് പുതിയ പാതയിലുള്ളത്. ഇതോടെ ആലുവ മുതല്‍ തൈക്കൂടം വരെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 21 ആയി ഉയരും.