News

‘പണം നൽകിയത് ബിസിനസ് സുഗമമാക്കാൻ’ മാസപ്പടി വാങ്ങിയവരുടെ പട്ടികയിൽ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും

ന്യൂഡൽഹി: രാഷ്ട്രീയക്കാർക്ക് പണം നൽകിയത് ബിസിനസ് സുഗമമാക്കാനെന്ന് വിവാദത്തിലായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ.). പാരിസ്ഥിതിക ആഘാതമുണ്ടാക്കുംവിധം ഖനനം ചെയ്തെടുക്കുന്ന ഇൽമനൈറ്റാണ് കമ്പനിയുടെ അസംസ്കൃതവസ്തു. ഇക്കാരണത്താൽ വലിയഭീഷണികൾ ബിസിനസിന് നേരിടാറുണ്ട്. അത് മറികടക്കാനാണ് രാഷ്ട്രീയക്കാർക്കും പോലീസിനും മാധ്യമങ്ങൾക്കും പണം നൽകുന്നതെന്ന് കമ്പനി സി.എഫ്.ഒ. കെ.എസ്. സുരേഷ്‌കുമാർ മൊഴി നൽകി.

2013-14 മുതൽ 2019-20 വരെയുള്ള കാലയളവിൽ സി.എം.ആർ.എല്ലിന് വ്യാജമായി കെട്ടിച്ചമച്ച ചെലവുകൾ 135.54 കോടി രൂപയാണെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തിയിരുന്നു. ഇതിൽനിന്ന് 73.38 കോടിയുടെ റിബേറ്റ് വേണമെന്നാവശ്യപ്പെട്ട് കമ്പനി നൽകിയ ഒത്തുതീർപ്പ് (സെറ്റിൽമെന്റ്) അപേക്ഷയാണ് ബോർഡ് പരിഗണിച്ചത്.

രാഷ്ട്രീയനേതാക്കൾ, പോലീസ്, സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമസ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം പണം നൽകിയതിന്റെ വിവരങ്ങളാണ് ആദായനികുതിവകുപ്പ് കണ്ടെത്തിയത്. ഇതിനെ ട്രാൻസ്പോർട്ടേഷൻ ചെലവായാണ് കമ്പനിയുടെ കണക്കിൽ എഴുതിയിരുന്നതെന്ന് കമ്പനി കാഷ്യർ മൊഴിനൽകിയിട്ടുണ്ട്. ഇതുവഴി നികുതിവെട്ടിപ്പും കണക്കില്ലാത്ത പണമുണ്ടാക്കലുമാണ് നടത്തിയിരുന്നതെന്ന് ആദായനികുതി പ്രിൻസിപ്പൽ കമ്മിഷണർ പറയുന്നു.

മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തായുടെ നിർദേശപ്രകാരമാണ് പണം നൽകിയിരുന്നതെന്നാണ് ജീവനക്കാരുടെ മൊഴി. ബിസിനസ് സുഗമമായി നീങ്ങാനാണെങ്കിലും പൊതുസേവകർക്ക് പണം നൽകുന്നത് കുറ്റകരമാണെന്ന് ആദായനികുതിവകുപ്പ് വാദിച്ചു. അങ്ങനെ നൽകുന്ന തുകയ്ക്ക് ആദായനികുതി നിയമത്തിന്റെ 37-ാം വകുപ്പ് പ്രകാരമുള്ള ഇളവ് അവകാശപ്പെടാനാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

2019-ൽ കമ്പനി സി.എഫ്.ഒ. കെ.എസ്. സുരേഷ് കുമാറിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ അദ്ദേഹം എഴുതിവെച്ചതായ കുറിപ്പുകൾ കണ്ടെത്തി. പണം കൈപ്പറ്റുന്നയാളുകളുടെ പേരിന്റെ ചുരുക്കരൂപങ്ങളാണ് അതിൽ എഴുതിയിരുന്നത്. ചുരുക്കരൂപത്തിലുള്ള പേരിന്റെ വിശദാംശങ്ങളും മൊഴിയിൽ പറയുന്നുണ്ട്. കെ.കെ. (കുഞ്ഞാലിക്കുട്ടി), എ.ജി. (എ. ഗോവിന്ദൻ), ഒ.സി. (ഉമ്മൻ ചാണ്ടി), പി.വി. (പിണറായി വിജയൻ), ഐ.കെ. (ഇബ്രാഹിം കുഞ്ഞ്), ആർ.സി. (രമേശ്‌ ചെന്നിത്തല) എന്നിവരുടെ പേരുകളാണ് അതിലുള്ളത്. എന്നാൽ, ഓരോരുത്തർക്കും എത്ര തുകവീതം നൽകിയെന്ന വിവരം ബോർഡിന്റെ ഉത്തരവിൽ പറയുന്നില്ല. കുറിപ്പിലെ പേരുകാർക്ക് അവരുടെ ഓഫീസുകളിലോ വീട്ടിലോ നേരിട്ട് പണമെത്തിച്ചുനൽകുകയാണ് പതിവെന്നാണ് ബന്ധപ്പെട്ട ജീവനക്കാരുടെ മൊഴി. ചിലയവസരങ്ങളിൽ അവരുടെ പ്രതിനിധികൾ കമ്പനിയുടെ ഓഫീസിലെത്തും. പണം കൈപ്പറ്റിയതിന് രസീതോ മറ്റു രേഖകളോ ആരും നൽകിയിരുന്നില്ല.

കർത്തായുടെ നിർദേശപ്രകാരമാണ് പണം നൽകുന്നതെന്ന് കമ്പനിയുടെ ഫിനാൻസ് ജനറൽമാനേജർ പി. സുരേഷ് കുമാർ പറഞ്ഞു. തന്റെ നിർദേശപ്രകാരമാണ് പണംനൽകുന്നതെന്ന് ശശിധരൻ കർത്തയും സമ്മതിച്ചതായി ആദായനികുതിവകുപ്പ് പ്രിൻസിപ്പൽ കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button