തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും. ജനങ്ങളില്‍ നിന്ന് പണമീടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിന്‍ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. പക്ഷേ നല്‍കുന്ന വാക്‌സിനെല്ലാം സൗജന്യമായാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കൊവിഡ് വാക്‌സിന്‍ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായുള്ള അധിക വാക്‌സിന്‍ സംഭരണികള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് വാക്‌സിന്‍ സൂക്ഷിക്കാനായി രാജ്യത്തെ നിലവിലെ ശീതീകരണ ശൃംഖല സംവിധാനത്തില്‍ 28,947 ഇടങ്ങളിലായി 85,634 സംഭരണികളുണ്ട്. വാക്ക് ഇന്‍ കൂളറുകള്‍, ട്രാന്‍സ്‌പോര്‍ട്ട് ബോക്‌സ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ 85,634 സംഭരണികള്‍.
അതിനിടെ, സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക്, ഫൈസര്‍ എന്നീ കമ്പനികള്‍ വാക്‌സിന്റെ അടിയന്തര വിതരണത്തിന് അനുമതി തേടിയിരുന്നു. ഇതുസംബന്ധിച്ച അപേക്ഷകള്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പരിശോധിച്ചു വരികയാണ്.