തിരുവനന്തപുരം: പാലാരിവട്ടം പാലം തുറന്നു കൊടുത്ത സാഹചര്യത്തില്‍ പാലം പണിയില്‍ സഹകരിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം. എന്നാല്‍ ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ പേര് മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല.
പാലം പണി റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കിയത് ഇ. ശ്രീധരന്റെ നേട്ടമാണെന്ന് ബിജെപി അവകാശപ്പെടുമ്പോഴാണ് മെട്രോമാനെ പരാമര്‍ശിക്കാതെയുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
‘തീബ്‌സിലെ ഏഴു കവാടങ്ങള്‍ നിര്‍മ്മിച്ചതാരാണ് പുസ്തകങ്ങള്‍ നിറയെ രാജാക്കന്മാരുടെ പേരുകളാണ്. പരുക്കന്‍ പാറകളുയര്‍ത്തി അവ പടുത്തത് രാജാക്കന്മാരാണോ’ വിപ്ലവ കവിയായ ബര്‍തോള്‍ഡ് ബ്രെഹ്ത് തന്റെ സുപ്രസിദ്ധമായ ഒരു കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. മനുഷ്യരാശിയുടെ നേട്ടങ്ങളുടെ അവകാശികള്‍ രാജാക്കന്മാരോ ഭരണാധികാരികളോ അല്ല, മറിച്ച് തന്റെ വിയര്‍പ്പും രക്തവും ചിന്തി അദ്ധ്വാനിക്കുന്ന തൊഴിലാളികളാണ്. ആ സത്യം ചരിത്രം പലപ്പോളും വിസ്മരിക്കുകയാണ് ചെയ്തിട്ടുള്ളത്.
ഈ സര്‍ക്കാരിന്റെ കാലത്ത് നിരവധി നേട്ടങ്ങള്‍ നമ്മള്‍ സ്വന്തമാക്കിയിട്ടുണ്ട്. അസാധ്യമെന്നു കരുതിയിരുന്ന വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം സാധ്യമായത് സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടു മാത്രമല്ല, ആ സ്വപ്നം തങ്ങളുടേതു കൂടിയാണെന്ന അര്‍പ്പണബോധത്തോടെ അദ്ധ്വാനിച്ച അസംഖ്യം തൊഴിലാളികളുടേതു കൂടിയാണ്.
പൂര്‍ത്തീകരിക്കാന്‍ 18 മാസമെടുക്കുമെന്ന് തുടക്കത്തില്‍ കരുതിയ പാലാരിവട്ടം പാലം 6 മാസമാകുന്നതിനു മുന്‍പ് നമുക്ക് പണി തീര്‍ക്കാന്‍ സാധിച്ചെങ്കില്‍, അതിന്റെ കാരണം, ആ ലക്ഷ്യത്തിനായി സ്വയമര്‍പ്പിച്ച് അദ്ധ്വാനിച്ച നൂറു കണക്കിനു തൊഴിലാളികളാണ്. അവരോടാണ് ഈ നാടു കടപ്പെട്ടിരിക്കുന്നത്.
ഈ നാടിന്റെ വികസനത്തിനായി, ഈ സര്‍ക്കാര്‍ സ്വപ്നം കണ്ട പദ്ധതികള്‍ സാക്ഷാല്‍ക്കരിക്കുന്നതിനായി തന്റെ അദ്ധ്വാനം നീക്കി വച്ച ഓരോ തൊഴിലാളിയോടും ഹൃദയപൂര്‍വം നന്ദി പറയുന്നു. നിങ്ങളുടെ കരുത്താണ്, നിങ്ങളുടെ ത്യാഗമാണ് കേരളത്തിന്റെ ഉറപ്പ്. ഇനിയും ഒരുപാട് നേടാനുണ്ട്, അതിനായി ഒത്തൊരുമിച്ച് മുന്നോട്ടു പോകാം.
അതേസമയം പാലം പൊതുഗതാഗതത്തിനായി തുറന്ന് നല്‍കിയതോടെ പാലത്തിലെ പാര്‍ട്ടി പതാകയേന്തി സിപിഐഎമ്മിന്റെ ജാഥയും പ്രകടനവും നടന്നു. തൊട്ടപ്പുറത്ത് പാലം പണിക്ക് മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സി തലവനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഇ. ശ്രീധരന് അഭിവാദ്യമര്‍പ്പിച്ച് ബിജെപിയും രംഗത്തെത്തി. പാലത്തിലൂടെ കടന്നുപോയ പി.ടി തോമസ് എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിക്കാനോ വാഹനം നിര്‍ത്താനോ തയാറായില്ല.