എറണാകുളം ടൗണ്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നുള്ള ട്രെയിന്‍ ടിക്കറ്റ് വിതരണം നിര്‍ത്തി
കോഴിക്കോട്: എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കോയമ്പത്തൂര്‍ ഭാഗങ്ങളിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുകളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ടിക്കറ്റ് വിതരണം ഉണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു.
അതേസമയം ഒറ്റപ്പാലത്ത് ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോഴിക്കോട്-പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ട്രാക്കിലേക്ക് മരം വീണ് തുടര്‍ച്ചയായി തടസ്സങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചത്. ഇനി അറിയിപ്പുണ്ടാകുന്നത് വരെ കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. ചില ട്രെയിനുകള്‍ റദ്ദാക്കും. നിലവില്‍ 12 ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഇന്ന് ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് 30 ശതമാനത്തില്‍ താഴെയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു.