KeralaNationalNewsNews

കാലാവസ്ഥ വ്യതിയാനം : സമുദ്രനിരപ്പ് 3 അടിയോളം ഉയരും, കൊച്ചിയടക്കം രാജ്യത്തെ 12 നഗരങ്ങള്‍ക്ക് ഭീഷണി

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നത് ഇന്ത്യയിലെ പല നഗരങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് പഠനം. ഐക്യരാഷ്ട്ര സഭയുടെ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) നടത്തിയ പഠന റിപ്പോർട്ട് അടിസ്ഥാനമാക്കി നാസ നടത്തിയ വിശകലനത്തിലാണ് ഇന്ത്യയിലെ 12 തീരദേശ നഗരങ്ങളെ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ കടൽ കവർന്നേക്കുമെന്ന ഭീതി പങ്കുവെക്കുന്നത്. കടലെടുക്കാനിടയുള്ള നഗരങ്ങളുടെ പട്ടികയിൽ നമ്മുടെ കൊച്ചിയും ഉൾപ്പെടുന്നു.

നൂറ്റാണ്ട് അവസാനിക്കുന്നതോടെ ഇന്ത്യയുടെ തീരത്ത് മൂന്ന് അടിയോളം സമുദ്രനിരപ്പ് ഉയരുമെന്നാണ് പഠനം പറയുന്നത്. ജലനിരപ്പ് ഉയരുന്നതുമൂലം ഭീഷണി നേരിടുന്ന നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയെ കൂടാതെ മുംബൈ, ചെന്നൈ, വിശാഖപട്ടണം,മംഗലാപുരം തുടങ്ങിയ നഗരങ്ങളുമുണ്ട്. ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകുമെന്നും നാസയുടെ പഠനം മുന്നറിയിപ്പ് നൽകുന്നു. ഐ.പി.സി.സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ സമുദ്രജലനിരപ്പിലെ വർധന വ്യക്തമാക്കുന്ന സീ ലെവൽ പ്രൊജക്ഷൻ ടൂളുംനാസ വികസിപ്പിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ആഗോള താപനം അടക്കമുള്ള പ്രതിഭാസങ്ങൾ ഭൂമിക്ക് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഓഗസ്റ്റ് ഒമ്പതിന് പുറത്തുവന്ന ഐ.പി.സി.സി റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു. അന്തരീക്ഷ താപനില വലിയതോതിൽ ഉയരുന്നത് മഞ്ഞുരുക്കത്തിനും സമുദ്ര ജലവിതാനം ഉയരുന്നതിനും ഇടയാക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തെ വ്യത്യസ്ത മേഖലകളിൽ ഉയരാനിടയുള്ള സമുദ്രനിരപ്പ് സംബന്ധിച്ച് നാസയുടെ വിശകലനം.

നാസയുടെ വിശകലനമനുസരിച്ച് കടലേറ്റ ഭീഷണി നേരിടുന്ന ഇന്ത്യയിലെ നഗരങ്ങളും സമുദ്രജലനിരപ്പ് ഉയരുന്നതിന്റെ തോതും ഇപ്രകാരമാണ്-
കൊച്ചി- 2.32 അടി
മംഗലാപുരം- 1.87 അടി
മുംബൈ- 1.90 അടി
വിശാഖപട്ടണം- 1.77 അടി
ചെന്നൈ- 1.87 അടി
തൂത്തുക്കുടി: 1.9 അടി
കണ്ട്ല- 1.87 അടി
ഓഖ-1.96 അടി
ഭാവ്നഗർ- 2.70 അടി
മോർമുഗാവോ- 2.06 അടി
പരാദീപ്-1.93 അടി
ഖിദിർപുർ-0.49 അടി

അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവയെല്ലാം ചേരുന്ന ഇന്ത്യയുടെ സമുദ്ര മേഖലയിൽ ആഗോള ശരാശരിയേക്കാൾ ഉയർന്ന തോതിലാണ് താപനില വർധിക്കുന്നതെന്ന് ഐപിസിസി പഠനം ചൂണ്ടിക്കാണിക്കുന്നു. ഇതിനനുസരിച്ച് സമുദ്രജലവിതാനവും വർധിക്കും. രൂക്ഷമായ കടലേറ്റം പോലുള്ള സമുദ്ര പ്രതിഭാസങ്ങൾ നേരത്തേ നൂറ്റാണ്ടിൽ ഒരിക്കലാണ് സംഭവിച്ചിരുന്നതെങ്കിൽ ഇപ്പോഴത് ആവർത്തിച്ചുവരുന്നു. 2050ഓടെ 6-9 വർഷങ്ങൾക്കിടയിൽ ഇത്തരം പ്രതിഭാസങ്ങൾ ദൃശ്യമാകും. നൂറ്റാണ്ട് അവസാനത്തോടെ ഇത് പ്രതിവർഷം സംഭവിക്കുമെന്നും പഠനം പറയുന്നു.

രൂക്ഷമായ മഞ്ഞുരുക്കമാണ് അന്തരീക്ഷ താപനില വർധിക്കുന്നതിന്റെ മറ്റൊരു പ്രത്യാഘാതം. ഹിമാലയ മേഖലയിലെ വലിയ തോതിലുള്ളമഞ്ഞുരുക്കം പ്രത്യക്ഷമായോ പരോക്ഷമായോ നൂറു കോടിയോളം മനുഷ്യരെ ബാധിക്കും. ഹിന്ദുക്കുഷ് ഹിമാലയ മേഖലയിൽ മഞ്ഞുരുക്കം കൂടുതൽ തീക്ഷ്ണമാകും. ഇതിന്റയെല്ലാം ഫലമായി ആഗോളതലത്തിൽ കടൽജലനിരപ്പ് പ്രതിവർഷം 3.7 മില്ലിമീറ്റർ വീതം ഉയരുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

വരും വർഷങ്ങളിൽ ഭൂമിയുടെ അന്തരീക്ഷ താപനില ക്രമാതീതമായി വർധിക്കുമെന്നും ഇത് മനുഷ്യവംശത്തിനുതന്നെ ഭീഷണിയാകുമെന്നും ഐ.പി.സി.സി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിൽ വരുന്ന പതിറ്റാണ്ടുകളിൽ രാജ്യത്ത് ചൂടിന്റെ രൂക്ഷത വർധിച്ചുവരികയും ശൈത്യത്തിന്റെ രൂക്ഷത കുറഞ്ഞുവരികയും ചെയ്യും. ഉഷ്ണതരംഗത്തിന്റെ തോത് വർധിക്കുമെന്നും വരൾച്ച, കനത്ത മഴ, ചുഴലിക്കാറ്റ് തുടങ്ങിയ പ്രതിഭാസങ്ങൾ ഏറുമെന്നും പഠനം വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button