തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് പഠനം ഇന്ന് ആരംഭിക്കും. നവംബര്‍ 15 മുതല്‍ എട്ട്, ഒമ്പത് ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ 12ന് നടക്കുന്ന പശ്ചാത്തലത്തിലാണ് എട്ടാം ക്ലാസ് തിങ്കളാഴ്ച തുടങ്ങാന്‍ തീരുമാനിച്ചത്.
ഒന്‍പതാം ക്ലാസ് നേരത്തേ പ്രഖ്യാപിച്ച പ്രകാരം 15നു തുടങ്ങും. ഒന്നു മുതല്‍ ഏഴുവരെയും 10,12 ക്ലാസുകളും ഒന്നിന് ആരംഭിച്ചിരുന്നു. ബയോബബിള്‍ മാതൃകയില്‍ ബാച്ചുകളായാണ് ക്ലാസ്. ക്ലാസുകള്‍ തുടങ്ങുന്നതിനു മുന്‍പു പിടിഎ യോഗങ്ങള്‍ നിര്‍ബന്ധമായി ചേരണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
കൊവിഡ് മഹാമാരി മൂലം 2020 മാര്‍ച്ചിലാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചത്. ഏകദേശം ഒന്നര വര്‍ഷത്തെ ഇടവേളക്കുശേഷം നവംബര്‍ ഒന്നാം തീയതി മുതലാണ് സ്‌കൂളുകള്‍ തുറന്നത്. ഓരോ ക്ലാസിനേയും രണ്ടായി വിഭജിച്ചാണ് നിലവില്‍ ക്ലാസുകള്‍ നടക്കുന്നത്.
ആദ്യ രണ്ട് ആഴ്ചകളില്‍ ഉച്ച വരെയാണ് ക്ലാസ്. ഇതിന് ശേഷം സ്ഥിതിഗതികള്‍ അവലോകനം ചെയ്തായിരിക്കും മാറ്റങ്ങള്‍. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബയോ ബബിള്‍ അടിസ്ഥാനത്തിലാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.