കായംകുളം:വിവാഹ സദ്യയിൽ ഒരു പപ്പടം അധികം ചോദിച്ചതിന്റെ പേരിൽ കൂട്ടയടി; 3 പേർക്കു പരുക്ക്, 15 പേർക്കെതിരെ കേസ്. സംഘട്ടനം കണ്ട് ഓടിയെത്തിയ ഓഡിറ്റോറിയം ഉടമയാണ് അടിയേറ്റവരിൽ ഒരാൾ. ഞായറാഴ്ച ഉച്ചയ്ക്ക് ഹരിപ്പാട് മുട്ടം ചൂണ്ടുപലക ജംക്‌ഷനു സമീപത്തെ ഓഡിറ്റോറിയത്തിലാണ് പപ്പടത്തിന്റെ പേരിൽ സംഘട്ടനമുണ്ടായത്.
ഓഡിറ്റോറിയം ഉടമ കരിപ്പുഴ കൂന്തലശേരിൽ മുരളീധരൻ (74), വിവാഹത്തിനെത്തിയ ജോഹൻ (21), ഹരി (21) എന്നിവർക്കാണു പരുക്കേറ്റത്. കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കരീലക്കുളങ്ങര പൊലീസ് കേസെടുത്തു. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
സദ്യ വിളമ്പുന്നതിനിടെ വരന്റെ സുഹൃത്തുക്കളിൽ ചിലർ അധികം പപ്പടം ചോദിച്ചു. വിളമ്പുകാർ അതു നൽകാതിരുന്നതു തർക്കത്തിന് ഇടയാക്കി. അത് സംഘട്ടനത്തിലെത്തി. ആളുകൾ രണ്ടു ചേരിയായി തിരിഞ്ഞു കസേരകളും മേശയുമെടുത്ത് പരസ്പരം അടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് ഓഡിറ്റോറിയം ഉടമയ്ക്ക് തലയ്ക്ക് അടിയേറ്റത്. ഇദ്ദേഹത്തെ തട്ടാരമ്പലത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുരളീധരന്റെ മൊഴിയിലാണ് പൊലീസ് കേസെടുത്തത്. ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തകർത്തതായി പരാതിയുണ്ട്. 1.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണു മൊഴി. മുട്ടം സ്വദേശിനിയായ യുവതിയും തൃക്കുന്നപ്പുഴ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നടന്നത്.