News

3 ലക്ഷവും വജ്രമോതിരവും പോരാ,വിവാഹവേദിയിൽ കൂടുതൽ പണം ആവശ്യപ്പെട്ട വരനെ പഞ്ഞിക്കിട്ട് വധുവിന്റെ ബന്ധുക്കൾ

വിവാഹ വേദിയില്‍ വച്ച് കൂടുതല്‍ തുക സ്ത്രീധനമായി (Dowry) ആവശ്യപ്പെട്ട വരനെ പഞ്ഞിക്കിട്ട് വധുവിന്‍റെ ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ( Ghaziabad ) വെള്ളിയാഴ്ച രാത്രി നടന്ന വിവാഹ ചടങ്ങാണ് സ്ത്രീധന പ്രശ്നത്തേത്തുടര്‍ന്ന് അലങ്കോലമായത്. വിവാഹവേദിയിലെത്തിയ ശേഷം സ്ത്രീധനമായി പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് വരന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ആഗ്ര സ്വദേശിയായ മുസമ്മില്‍ എന്ന യുവാവിനാണ് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. 

തുടക്കത്തില്‍ പ്രശ്നം സംസാരിച്ച് തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വരന്‍ കൂടുതല്‍ സ്ത്രീധനം എന്ന ആവശ്യത്തില്‍ ഉറച്ചുനിന്നതോടെയാണ് വധുവിന്‍റെ ബന്ധുക്കള്‍ക്ക് ക്ഷമ കെട്ടത്. വരന്‍റെ പിതാവ് പണം നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് കൂടി പറഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു. ഷെര്‍വാണി ധരിച്ച് നില്‍ക്കുന്ന വരനെ വധുവിന്‍റെ ബന്ധുക്കള്‍ ചേര്‍ന്ന് കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒടുവില്‍ വധുവിന്‍റെ വീട്ടുകാരുടെ മര്‍ദ്ദനത്തില്‍ നിന്ന് ഒരുവിധമാണ് യുവാവിനെ ബന്ധുവായ സ്ത്രീ രക്ഷിച്ചെടുത്തത്. 

ഇതിന് പിന്നാലെ വരന്‍ മൂന്ന് തവണ വിവാഹിതനാണെന്ന ആരോപണം കൂടി വധുവിന്‍റെ വീട്ടുകാര്‍ ഉന്നയിച്ചിട്ടുണ്ട്. വധുവിന്‍റെ വീട്ടുകാര്‍ വിവാഹത്തിന് മുന്‍പ് മൂന്ന് ലക്ഷം രൂപയും ഒറു ലക്ഷം വിലവരുന്ന വജ്ര മോതിരവും വരന് നല്‍കിയിട്ടും സ്ത്രീധനം പോരെന്ന പരാതിയായിരുന്നു വരന്‍റെ കുടുംബത്തിന്. വരനെതിരെ പൊലീസിനെ സമീപിച്ചിരിക്കുകയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍. 


വിവാഹത്തിന് മറ്റാരും ആവശ്യപ്പെടാതെ വധുവിന്  നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ  പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി വിധി പുറത്തു വന്നിരുന്നു.

വീട്ടുകാർ നൽകുന്നതും ചട്ടപ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതുമായ സമ്മാനങ്ങൾ സ്ത്രീധനം ആകില്ലെന്നാണ് ഹോക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ സ്ത്രീധന നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടില്ല. അതേസമയം വധുവിന നൽകുന്ന ഇത്തരം സമ്മാനങ്ങൾ മറ്റാരെങ്കിലും കൈപ്പറ്റിയെന്ന് തെളിഞ്ഞാൽ മാത്രമേ സ്ത്രീധന നിരോധന ഓഫീസർക്ക് അതിൽ ഇടപെടാനാകൂ എന്നും കോടതി പറഞ്ഞു. 

അതിനിടെ വിവാഹത്തിനായി നീക്കി വെച്ച സ്ത്രീധന തുക പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മിക്കാൻ നൽകാൻ പിതാവിനോട് അഭ്യർത്ഥിച്ച വധുവിൻ്റെ വാർത്തയും പുറത്തു വന്നു. ബാർമർ ന​ഗരത്തിലെ കിഷോർസിം​ഗ് കാനോദിന്‌റെ മകൾ അഞ്ജലി കൻവറാണ് അഭിനന്ദനീയമായ ഈ തീരുമാനം പിതാവിനെ അറിയിച്ചതും നടപ്പിലാക്കിയതും. നവംബർ 21നാണ് അജ്ഞലി പ്രവീൺ സിം​ഗിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് തന്നെ അഞ്ജലി തന്റെ തീരുമാനം പിതാവിനെ അറിയിച്ചിരുന്നു.

തനിക്ക് സ്ത്രീധനമായി നീക്കിവെച്ചിരിക്കുന്ന പണം പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിനായി നൽകണമെന്ന് ആവശ്യപ്പെട്ടു. മകളുടെ ആ​ഗ്രഹമനുസരിച്ച് കിഷോർ കുമാർ കാനോദ് പ്രവർത്തിക്കുകയും സ്ത്രീധനം നൽകാനായി മാറ്റിവെച്ചിരുന്ന75 ലക്ഷം രൂപ ഹോസ്റ്റൽ നിർമ്മിക്കാൻ നൽകുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button