32.3 C
Kottayam
Monday, May 6, 2024

കൊട്ടിക്കലാശത്തിനിടെ കല്ലേറിൽ എംഎൽഎയ്ക്ക് പരിക്ക്; കരുനാഗപ്പള്ളിയിൽ സംഘർഷം

Must read

കൊല്ലം: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയിൽ സംഘർഷം. സിപിഐഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എംഎൽഎ സി ആർ മഹേഷിന് പരിക്കേറ്റു. കരുനാഗപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് മഹേഷ്. പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിലാണ് പരിക്കേറ്റത്. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിൽ സിപിഐഎം സംസ്ഥാന സമിതി അംഗം സൂസൻ കോടിക്കും പരിക്കേറ്റു. കല്ലേറിലാണ് പരിക്കേറ്റത്.

പിരിഞ്ഞു പോകാത്ത പ്രവർത്തകരെ പിരിച്ചുവിടാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രവർത്തകരെ പിരിച്ചിവിടാൻ പൊലീസ് ലാത്തി വീശുകയും ടിയർഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. കൊല്ലം പത്തനാപുരത്തും യുഡിഎഫ് – എൽഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായി. ഉച്ചഭാഷിണി നിർത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.

പത്തനാപുരത്ത് പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ സംഘർഷവും നേരിയതോതിലുള്ള കൈയ്യാങ്കളിയുമുണ്ടായി. വടകരയിലും കാസർകോടും കൊട്ടിക്കലാശത്തിന് നിരോധനമേർപ്പെടുത്തിയിരുന്നു.

കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടാകുന്നത് ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതോടൊപ്പം കേന്ദ്രങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കിയിരുന്നു. ഇവിടങ്ങളില്‍ അത്യാവേശത്തോടെയായിരുന്നു മുന്നണികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങേറിയത്. നാല്‍പ്പത് ദിവസത്തോളം നീണ്ട പരസ്യപ്രചാരണത്തിനാണ് ഇന്നത്തോടെ തിരശ്ശീല വീണത്. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ നാലിന് വോട്ടെണ്ണല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week